സ്വന്തം ലേഖകന്‍: വേദികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഖത്തറിനും റഷ്യക്കും ഫിഫ ലോകകപ്പ് വേദികള്‍ നഷ്ടമായേക്കുമെന്ന് സൂചന. 2018, 2022 ലോകകപ്പ് വേദികളാണ് യഥാക്രമം റഷ്യക്കും ഖത്തറിനും നഷ്ടപ്പെടുകയെന്ന് ഫിഫ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിഫയില്‍ വന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണങ്ങള്‍ പുറത്തു വന്നതു മുതല്‍ ലോകകപ്പ് വേദികള്‍ മാറുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനിടെ 2022 ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറില്‍ നിന്നു മാറ്റാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് വേദികള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നതിന് തെളിവ് ലഭിച്ചാല്‍ ഖത്തര്‍, റഷ്യ ലോകകപ്പ് വേദികള്‍ മാറുമെന്ന് ഫിഫ ഓഡിറ്റ് പരാതി പരിഹാര കമ്മിറ്റി ചെയര്‍മാന്‍ ഡൊമെനിക്കോ സ്‌കാല സൂചിപ്പിച്ചത്. 2018 ലോകകപ്പ് റഷ്യയിലും 2022 ലേത് ഖത്തറിലും നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോകകപ്പ് വേദികള്‍ അനുവദിച്ചതിലും കളിയുടെ സംപ്രേഷണാവകാശം വിറ്റതിലും വന്‍ അഴിമതി നടന്നതായുള്ള ആരോപണങ്ങള്‍ ഫിഫയില്‍ പുകഞ്ഞു കത്തുകയാണ്. എന്നാല്‍ വേദികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നതിന് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും സ്‌കാല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല