സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ഖത്തർ ലോകകപ്പ് കാണാൻ ടിക്കറ്റിനായി വീണ്ടും അപേക്ഷിക്കാം. വിൽപനയുടെ അടുത്ത ഘട്ടത്തിന് നാളെ തുടക്കമാകും. ‘ആദ്യമെത്തുന്നവർക്ക് ആദ്യം’ എന്ന വിൽപന കാലയളവിന്റെ ഒന്നാം ഘട്ടത്തിനാണ് ബുധനാഴ്ച തുടക്കമാകുക.
ജനുവരി 19 മുതൽ രണ്ടാഴ്ച നീണ്ട റാൻഡം സെലക്ഷൻ ഡ്രോ വിൽപന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം അടച്ച് ടിക്കറ്റ് വാങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
1.7 കോടി ആളുകളാണ് റാൻഡം സെലക്ഷൻ ഡ്രോ വിൽപനയിൽ ടിക്കറ്റിനായി അപേക്ഷിച്ചത്. പുതിയ ഘട്ടത്തിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുമെന്നതിനാൽ അപേക്ഷിക്കാൻ വൈകരുത്.
ലഭ്യതയ്ക്ക് വിധേയമായി ‘ആദ്യമെത്തുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലാണ് വിൽപന.
മാർച്ച് 23ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതൽ 29ന് ഉച്ചയ്ക്ക് 12.00 വരെ ടിക്കറ്റ് സ്വന്തമാക്കാം.
ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിലുള്ള ടിക്കറ്റ് വിൽപനയിൽ വിജയകരമായി അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നവർക്ക് അപ്പോൾ തന്നെ സ്ഥിരീകരണം ലഭിക്കുന്നതിനാൽ പണം അടച്ച് ഉടൻ ടിക്കറ്റ് സ്വന്തമാക്കാം.
അപേക്ഷകന് വിൽപന കാലയളവിൽ എപ്പോൾ വേണമെങ്കിലും ടിക്കറ്റ് വാങ്ങാം.
ടിക്കറ്റ് തുക ലഭിച്ചാൽ ഉടൻ തന്നെ അപേക്ഷകന് നേരിട്ട് ടിക്കറ്റ് അനുവദിക്കും. ഇതു സംബന്ധിച്ച സ്ഥിരീകരണ മെയിലും അധികൃതർ അയയ്ക്കും.
വ്യക്തിഗത മത്സര ടിക്കറ്റുകൾ, ടീം സ്‌പെസിഫിക് ടിക്കറ്റ് സീരീസ്, ഫോർ-സ്‌റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾ വാങ്ങാം.
ടിക്കറ്റ് ഇനങ്ങൾ സംബന്ധിച്ച്: https://www.fifa.com/tournaments/mens/worldcup/qatar2022/news/ticket-products-fwc22 എന്ന ലിങ്കിൽ വിശദമായി അറിയാം
ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡുകൾ ഉപയോഗിച്ച് വേണം പണം അടയ്ക്കാൻ.
വിദേശീയരാണെങ്കിൽ വീസ പേയ്‌മെന്റ് കാർഡുകൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പേയ്‌മെന്റ് കാർഡുകളും അനുവദിക്കും.
ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്: https://www.fifa.com/tickets
ഖത്തറിലെ താമസം സംബന്ധിച്ച വിവരങ്ങൾക്ക്: https://www.qatar2022.qa/en/your-qatar-2022-experience
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല