സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പ് കാണാന്‍ ആവേശത്തോടെ ഫുട്‌ബോള്‍ ലോകം. രണ്ടാം ഘട്ട റാന്‍ഡം സിലക്‌ഷന്‍ ഡ്രോ സെയില്‍സ് പീരിഡില്‍ ബുക്ക് ചെയ്തത് 2.35 കോടി ടിക്കറ്റുകള്‍. ഏപ്രില്‍ 4ന് തുടങ്ങി 28ന് അവസാനിച്ച വില്‍പനയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ അപേക്ഷകര്‍.
ഫൈനല്‍ മത്സരത്തിന് പുറമെ അര്‍ജന്റീന-മെക്‌സിക്കോ, അര്‍ജന്റീന-സൗദി അറേബ്യ, ഇംഗ്ലണ്ട്-യുഎസ്എ, പോളണ്ട്-അര്‍ജന്റീന മത്സരങ്ങൾ കാണാനാണ് കൂടുതല്‍ പേരും ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ കാണികള്‍ക്ക് പ്രതിദിനം രണ്ടു മത്സരങ്ങള്‍ വരെ കാണാം എന്നതാണ് ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത.
ടിക്കറ്റിനായി അപേക്ഷിച്ചവര്‍ക്ക് ടിക്കറ്റ് ലഭ്യമായോ ഇല്ലയോ എന്ന സ്ഥിരീകരണം മേയ് 31നകം ഇ-മെയില്‍ മുഖേന ലഭിക്കും. ഫിഫ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ അര്‍ഹരായവര്‍ക്ക് ടിക്കറ്റ് പണം അടച്ച് വാങ്ങാം. വീസ പെയ്‌മെന്റ് കാര്‍ഡുകളാണ് ഖത്തറില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
വിദേശത്തുള്ളവര്‍ക്ക് വീസ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. പണം അടച്ച് ടിക്കറ്റ് വാങ്ങുന്നവര്‍ ഖത്തറില്‍ താമസത്തിനുള്ള ബുക്കിങ് നടത്തിയ ശേഷം ഹയ കാര്‍ഡുകള്‍ക്കായും അപേക്ഷ നല്‍കണം. ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അടുത്ത വില്‍പന ഘട്ടത്തില്‍ അവസരം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല