1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2012

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പൊങ്ങച്ചപ്പേര് കേരളം പതിച്ചെടുത്ത് നാളേറെ ആയിട്ടില്ല. അതിനു മുന്‍പ്, ഒരു നൂറ്റാണ്ടു മുന്‍പ്, ഭ്രാന്താലയം എന്നൊരു വിളിപ്പേരു പതിഞ്ഞു കിട്ടിയിരുന്നു നമ്മുടെ സംസ്ഥാനത്തിന്. കേരളത്തില്‍ പുലര്‍ത്തിപ്പോന്നിരുന്ന ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും പേക്കൂത്തുകള്‍ കണ്ടു മനം തപിച്ച സ്വാമി വിവേകാനന്ദനത്രെ ഭ്രാന്താലയം എന്നു കേരളത്തെ അപഹസിച്ചത്. ദൈവത്തിന്റെ സ്വന്തം നാട് എന്നതിന് പകരം മതങ്ങളുടെ സ്വന്തം നാട് എന്ന പേര് ഇടേണ്ടി വരുമോ ഇനി കേരളത്തിന്?

കേരള രാഷ്ട്രീയത്തില്‍ അനുദിനം സംഭവിക്കുന്ന അപചയങ്ങള്‍ ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണു നമ്മുടെ സമൂഹത്തിനു മുന്‍പില്‍. ജാതിയും മതവും അവാന്തര സ്വാധീനങ്ങളുമെല്ലാം കണക്കുകൂട്ടിയുള്ള സ്ഥാനാര്‍ഥി തീരുമാനങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗത്തിനു പുത്തരിയല്ല. അധികാരവും വകുപ്പും വീതം വയ്ക്കുമ്പോള്‍ ജാതി-മത തരംതിരിവുകളെ മാനിച്ചുകൊണ്ടുള്ള സമന്വയങ്ങളും പുതുമയല്ല ഇവിടെ. പക്ഷേ, മറയ്ക്കേണ്ടതു മറച്ചുപിടിച്ച്, അത്രയെങ്കിലും മാന്യമായി വസ്ത്രധാരണം ചെയ്തു തന്നെയേ ജാതിരാഷ്ട്രീയം പകല്‍വെളിച്ചത്തിലിറങ്ങി നടന്നിട്ടുള്ളൂ ഇത്രയും കാലം. ഈ കീഴ്വഴക്കത്തിന്‍റെ സദാചാരമാണ് അഞ്ചാംമന്ത്രി വിവാദത്തിലൂടെയും അതിന്‍റെ ലജ്ജാകരമായ പരിസമാപ്തിയിലൂടെയും ഇപ്പോള്‍ അതിലംഘിക്കപ്പെട്ടിരിക്കുന്നത്.

അഞ്ചാം മന്ത്രിയില്ല…സാമുദായിക സന്തുലനം.. ഫോര്‍മുല…ഹൈക്കമാന്‍ഡ്…മലപ്പുറംകത്തി..കുന്തം..കുടച്ചക്രം… എന്തൊക്കെയായിരുന്നു വീരവാദം… 20 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ രണ്ടു സത്യപ്രതിജ്ഞകളുമായി യുഡിഎഫ് രാഷ്ട്രീയ നാടകത്തിനു തിരശീലയിട്ടു. ചെയ്യുകയില്ലെന്നു പറഞ്ഞതെല്ലാം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നിരുപാധികം അടിയറവു പറയുന്നതുകണ്ട് കേരളം തലകുനിച്ചെങ്കിലും യുഡിഎഫ് നേതാക്കള്‍ പുതിയ തണല്‍മരവും ചുമന്നു കാറ്റുംകൊണ്ടു നടക്കുന്നു. ഈ പ്രതിസന്ധിയും കോലാഹലവും എന്തിനായിരുന്നു എന്ന ഒറ്റ ചോദ്യമാണ് അഞ്ചാംമന്ത്രി പ്രശ്നത്തിലെ യുഡിഎഫ് തീരുമാനം പുറത്തു വരുമ്പോള്‍ ഉയരുന്നത്.

പിറവം ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ അഞ്ചാം മന്ത്രി എന്ന ആവശ്യം മുസ്ലിം ലീഗ് മുന്നോട്ടുവച്ചിരുന്നു. അനൂപ് ജേക്കബ് ജയിച്ചുവന്നാല്‍ ഉടനടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പിറവത്തെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുപോലും മറന്നുകൊണ്ടാണ് യുഡിഎഫ് നേതൃത്വം ഇരുപതു ദിവസത്തിലേറെ തീരുമാനം നീട്ടിക്കൊണ്ടുപോയത്. പിറവത്തെ തെരഞ്ഞെടുപ്പു വിജയത്തിന്റെ ശോഭ കെടുത്തിക്കൊണ്ട് തീരുമാനം നീട്ടിക്കൊണ്ടു പോയത് അഞ്ചാം മന്ത്രി പ്രശ്നത്തിനു പരിഹാരം തേടിയായിരുന്നു. ഇതിനിടെ കെപിസിസി നേതൃയോഗം ചേര്‍ന്നു. ലീഗിന്റെ സമ്മര്‍ദതന്ത്രത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തി.

അഞ്ചാംമന്ത്രി വന്നാല്‍ ഭൂരിപക്ഷ സമുദായം യുഡിഎഫില്‍ നിന്നകലുമെന്നു മുന്നറിയിപ്പുണ്ടായി. ഇതോടെ മുന്നണിക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തു. കേരളത്തിലും ഡല്‍ഹിയിലുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് നിലപാടെടുത്തു. ഇങ്ങനെ അഞ്ചാം മന്ത്രിസ്ഥാനത്തെ സാമുദായിക പ്രശ്നമാക്കി വളര്‍ത്തിയതില്‍ യുഡിഎഫ് നേതൃത്വത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പങ്കു ചെറുതല്ല. ഒടുവില്‍ ലീഗിന്റെ ആവശ്യം അപ്പാടെ അംഗീകരിച്ചു കൊണ്ട് യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തപ്പോഴേക്കും യുഡിഎഫിനും കോണ്‍ഗ്രസിനും നഷ്ടങ്ങള്‍ ഏറെയുണ്ടായി. ലീഗിനു മുമ്പില്‍ കോണ്‍ഗ്രസ് കീഴടങ്ങിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ഇത്ര കോലാഹലങ്ങള്‍ ഉയര്‍ത്താതെ സമയത്തു തീരുമാനമെടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിമര്‍ശനമായിരുന്നു ഇത്. പിറവം തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം കൈവരിച്ച് അത്യുഗ്രശോഭയോടെ നിന്ന മുന്നണിയല്ല ഇന്നു യുഡിഎഫ്. വെറും ഇരുപതു ദിവസംകൊണ്ടു മുന്നണിക്ക് നഷ്ടങ്ങള്‍ ഒരുപാടു സംഭവിച്ചിരിക്കുന്നു. അതിന് അവര്‍ക്കു മറ്റാരെയും പഴിക്കാനില്ല. സ്വയം പഴിക്കാന്‍ മാത്രമേ കഴിയൂ. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു വരുമ്പോള്‍ യുഡിഎഫിന് പുതിയ ചില ആരോപണങ്ങള്‍ക്കു കൂടി മറുപടി പറയേണ്ടി വരും.

ശെല്‍വരാജിന്റെ രാജിയോടെ ആത്മവിശ്വാസം അപ്പോടെ നഷ്ടപ്പെട്ട പ്രതിപക്ഷത്തിനു ജീവവായു നല്‍കുകയാണു ഫലത്തില്‍ യുഡിഎഫ് ചെയ്തിരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ വടി കൊടുത്തു അടി വാങ്ങുകയാണ് കോണ്‍ഗ്രസ്. എന്‍എസ്എസ് പോലെയുള്ള സമുദായസംഘടനകളുടെ അപ്രീതിക്കും ഇരയായതു മിച്ചം. ഭരണപക്ഷ എംഎല്‍എമാരുടെ മൊത്തം സംഖ്യയെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും വേര്‍പിരിച്ചുണ്ടാക്കിയ സംഖ്യ കൊണ്ടു ഹരിച്ചെടുത്തിരിക്കുന്നു നിലവിലെ ഭരണം.

പിന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സാമാജികരുടെ വേര്‍പിരിച്ച സംഖ്യയെ നായരെന്നും ഈഴവനെന്നും കത്തോലിക്കനെന്നും അകത്തോലിക്കനെന്നും ഷിയ എന്നും സുന്നി എന്നും ഹരിച്ചു ശസ്ത്രക്രിയ ചെയ്തിരിക്കുന്നു ഭരണപക്ഷ രാഷ്ട്രീയം. അങ്ങനെയൊരു നെറികെട്ട കണക്കെടുപ്പിന്‍റെ അമിതസമ്മര്‍ദത്തിനു കീഴടങ്ങിയിരിക്കുന്നു മതേതര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമെന്നു പെരുമപെറ്റ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്‍റെ മുഖ്യമന്ത്രിയുമെല്ലാം.

ജാതിയും മതവും ചതുരംവരച്ച പലകയില്‍, ചൂതുകളിയുടെ അടവുപിഴച്ച് അഭിമാനം പണയപ്പെട്ടിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്. ജനസമ്പര്‍ക്ക മഹായജ്ഞങ്ങളിലൂടെ പഴയ സത്പേര് വീണ്ടെടുക്കാന്‍ കഴിയുമോ ഉമ്മന്‍ ചാണ്ടിക്ക്? തിരുവനന്തപുരം മൃഗശാലയിലേക്കു രണ്ടു ജിറാഫിനെ വാങ്ങാനുള്ള ബജറ്റ് നിര്‍ദേശം കേട്ട്, അതിലൊരെണ്ണം സ്വന്തം സമുദായത്തിന് എന്നു കൈപൊക്കിയെഴുന്നേറ്റ ഒരു സാമാജികന്‍റെ കാലം ഓര്‍മവരുന്നു. അതിവേഗം ബഹുദൂരം അങ്ങനെയൊരു കഷ്ടകാലത്തിലേക്കാവരുത് ഉമ്മന്‍ ചാണ്ടി കേരളത്തെ നയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.