ന്യൂഡല്‍ഹി: അമേരിക്കന്‍ മലയാളിയായ ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത പപിലിയോ ബുദ്ധ എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം തീര്‍ത്തും സേച്ഛാധിപത്യപരമാണെന്നാണ് ജയന്‍ കെ.ചെറിയാന്‍ പറയുന്നു. ഒരു കാരണവശാലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. മഹാത്മജിയുടെ കോലത്തില്‍ ചെരിപ്പുമാലയിടുന്നതും തുടര്‍ന്ന് കത്തിക്കുന്നതും ഉള്‍പ്പെടെ ഇന്ത്യാക്കാരുടെ വികാരത്തെ മുറിപ്പെടുത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പൊലീസ് കസ്റ്റഡിയിലെ മൂന്നാംമുറയും കൂട്ടമാനഭംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളും വളരെ മനുഷ്യത്വരഹിതമായ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.
ഇതേസമയം, പശ്ചിമഘട്ടത്തില്‍ ചിതറിപ്പോയ ദളിതരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.. ഭൂസമരം സിനിമയില്‍മുഖ്യ വിഷയമാണ്. പ്രകാശ് ബാരെ, കല്ലേന്‍ പൊക്കുടന്‍, പത്മപ്രിയ, തമ്പി ആന്റണി, ഡേവിഡ് ബ്രിഗ്ഗ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കായല്‍ ഫിലിംസുമായി ചേര്‍ന്ന് സിലിക്കണ്‍ മീഡിയ നിര്‍മ്മിച്ച ചിത്രം വയനാട്ടിലാണ് പ്രധാനമായും ചിത്രീകരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ജയന്‍ ചെറിയാന്റെ ആദ്യ സിനിമയാണ് പപ്പിലിയോ ബുദ്ധ. ദളിത് പീഡനങ്ങളും ദളിത് മുന്നേറ്റങ്ങളും നേര്‍ക്കാഴ്ചയോടെ തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും അല്ലാതെ ആരെയും വിമര്‍ശിക്കാനല്ല സിനിമയെന്നും ജയന്‍ ആവര്‍ത്തിച്ചു. ദളിതര്‍ക്കായി മഹാത്മാഗാന്ധി നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദളിതരെ സഹായിച്ചോ ഇല്ലയോ എന്നു മാത്രമാണ് സിനിമ അന്വേഷിക്കുന്നത്. അല്ലാതെ ആരെയും അവഹേളിക്കാനല്ല സിനിമ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജയനും തമ്പി ആന്റണിയും പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇരുവരും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല