സിനിമാ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെ മലയാള സിനിമയിലെ പ്രതിസന്ധി രൂക്ഷമായി. മലയാള സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന എക്സിബിറ്റേഴ്സ് അസോസിയേഷന് തീരുമാനം തന്നെ സര്‍ക്കാരിനു വന്‍ നികുതിനഷ്ടം വരുത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിലപാട് കനത്ത തിരിച്ചടിയാണ്.
ഇപ്പോള്‍ റിലീസിങ് നടത്താനാവാതെ ചിത്രങ്ങള്‍ പെട്ടിയിലിരിക്കുന്നതിനാല് മലയാള സിനിമാരംഗത്ത് നിക്ഷേപിക്കപ്പെട്ട 60 കോടിയോളം രൂപയാണ് ത്രിശങ്കുവിലായത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം അറബി, ഒട്ടകം, പി.മാധവന് നായര്‍-ഒരു മരുഭൂമിക്കഥ, മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, ജയറാമിന്റെ നായിക, കമലിന്റെ സ്വപ്നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ ഇനിഷ്യല്‍ കളക്ഷനായി മാത്രം എട്ടു കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലൊരു വിഹിതം സര്‍ക്കാരിനുള്ള നികുതിയാണ്.
നവംബര്‍ ഒന്നു മുതലാണ് എക്സിബിറ്റേഴ്സ് അസോസിയേഷന് മലയാള സിനിമയ്ക്ക് റിലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈഡ് റിലീസിന്റെ പേരില്‍ പ്രധാന തിയേറ്റര്‍ ഉടമകളും സിനിമാക്കാരും തമ്മില്‍ കുറച്ചുകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അഡ്വാന്‍സ് നല്കിയ തിയേറ്ററുകള്‍ക്കു മാത്രമേ സിനിമ റിലീസിന് നല്കാന് പാടുള്ളൂവെന്നാണ് എക്സിബിറ്റര് സംഘടനയുടെ നിലപാട്. എന്നാല്‍, പരമാവധി തിയേറ്ററുകളില്‍ ഒരേ സമയം റിലീസ് നടക്കുന്നത് മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നതിനാല്‍ നിര്‍മാതാക്കളും വിതരണക്കാരും അതിനു തയ്യാറല്ല.
ടിക്കറ്റിനൊപ്പം തിയേറ്ററുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അവശ കലാകാരന്മാര്ക്കുള്ള ക്ഷേമനിധി വിതരണത്തിനുമായി പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെങ്കിലും തിയേറ്റര്‍ ഉടമകളില്‍ ചിലര്‍ അതില്‍ നിന്നു ബോധപൂര്‍വം മാറിനില്‍ക്കുകയാണെന്ന ആരോപണം ചലച്ചിത്രകാരന്മാര് ഉന്നയിക്കുന്നുണ്ട്. സംഘടനയില്‍ ഒന്നോ രണ്ടോ തിയേറ്റര്കാര്ക്കു മാത്രമാണ് പിടിവാശിയെന്നും പറയപ്പെടുന്നു. ചില ചിത്രങ്ങള്‍ ചില തിയേറ്ററുകാര്‍ക്കു കിട്ടാത്തതിന്റെ പേരിലാണ് ഈ വിലക്കെന്നും പറയപ്പെടുന്നുണ്ട്. ചിത്രങ്ങളുടെ റിലീസ് വൈകുന്നത് നിര്‍മാതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചിത്രം ഇനി റിലീസ് ചെയ്താലും പലിശ കൊടുക്കാന്‍ മാത്രമേ കളക്ഷന്‍ തികയുകയുള്ളൂവെന്ന് പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച വി.അശോക്കുമാര് പറഞ്ഞു.
പ്രശ്നത്തില്‍ ഇടപെടുന്ന കാര്യം വിവിധ താരങ്ങളുടെ ഫാന്‍സ് സംഘടനകള്‍ ആലോചിക്കുന്നുണ്ട്. കേരളത്തില്‍ മലയാള ചിത്രം റിലീസ് ചെയ്യില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. തമിഴ് ചിത്രം റിലീസ് ചെയ്യില്ലെന്ന് തമിഴ്നാട്ടിലോ തെലുങ്ക് ചിത്രം റിലീസ് ചെയ്യില്ലെന്ന് ആന്ധ്രയിലോ പറയാകാനാത്ത സാഹചര്യം അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ തിയേറ്ററുകള്‍ക്ക് ഉപരോധമേര്പ്പെടുത്തുന്നത ടക്കമുള്ള കാര്യങ്ങള്‍ ഫാന്‍സ് സംഘടനകള്‍ പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല