1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2024

സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി രാജ്യം ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക് എത്തും. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ മത്സരിക്കുമ്പോള്‍ ആര് വിജയം നേടുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോഴത്തെ സാധ്യതകള്‍.

ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധപതിപ്പിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം പുരോഗമിക്കുന്നത്. പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ മിഷിഗണ്‍, അരിസോണ, വിസ്‌കോണ്‍സന്‍, മിനിസോട്ട, നെവാദ എന്നീ സംസ്ഥാനങ്ങള്‍ അമേരിക്കുയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.

തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായതും ജനവിധിയെ സ്വധീനിക്കാന്‍ കഴിയുന്നതുമായ പ്രധാന വിഷയങ്ങള്‍ ചിലതുണ്ട്.

ഗര്‍ഭഛിദ്രം

2024 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ് ഗര്‍ഭഛിദ്ര നിയന്ത്രണം. ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധിയില്‍ നിന്നും അമേരിക്കന്‍ സുപ്രീം കോടതി നിലപാട് മാറ്റിയതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. റിപ്പബ്ലിക്കന്‍സ് നയിക്കുന്ന സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഗര്‍ഭഛിദ്രം നിയമ വിരുദ്ധമാക്കുന്നത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപ് പ്രചാരണത്തിന് ഉടനീളം ഉയര്‍ത്തുന്ന വാദം. എന്നാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല ഹാരിസിന്റെ നിലപാട്.

എന്നാല്‍ ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയം പത്ത് സംസ്ഥാനങ്ങളിലെയെങ്കിലും ജനവിധിയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനാധിപത്യം

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് എന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആക്ഷേപം. 2021 ജനുവരി ആറിന് ഉണ്ടായ ക്യാപിറ്റോള്‍ ആക്രമണം ഉള്‍പ്പെടെ ചര്‍ച്ചയില്‍ കൊണ്ടുവന്നാണ് ഡെമോക്രാറ്റുകള്‍ ഈ വാദം ശക്തമാക്കുന്നത്. ഡോണള്‍ഡ് ട്രംപിനെ ഒരു വേളയില്‍ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാന്‍ പോലും കമല ഹാരിസ് മുതിര്‍ന്നിരുന്നു. കിം ജോങ് ഉന്‍, വ്‌ളാഡിമിര്‍ പുട്ടിന്‍ എന്നിവരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഈ പരാമര്‍ശങ്ങള്‍.

താനല്ല കമല ഹാരിസ് ആണ് അമേരിക്കന്‍ ജനാധിപത്യത്തിന് യഥാര്‍ഥ ഭീഷണി എന്നാണ് ട്രംപിന്റെ മറുവാദം. തനിക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും ക്രിമിനല്‍ കേസുകള്‍ ചുമത്തിയും നിശബ്ദനാക്കാന്‍ ശ്രമിച്ചിരുന്നു എന്നും ട്രംപ് തിരിച്ചടിക്കുന്നു.

ജനാധിപത്യത്തിനെതിരായ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിന് കമല ഹാരിസിനേക്കാന്‍ ട്രംപിന് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് ഏഴ് സ്വിങ് സ്റ്റേറ്റുകളിലെ വോട്ടര്‍മാരില്‍ നേരിയ മുന്നേറ്റമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ്-ഷാര്‍ സ്‌കൂള്‍ നടത്തിയ ഒരു സര്‍വേ പറയുന്നത്.

സാമ്പത്തിക രംഗം

നികുതിയിളവുകള്‍, വിലക്കയറ്റം തടയല്‍, ബജറ്റ് ഭവനങ്ങള്‍, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് എന്നിവയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കമല ഹാരിസ് മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ അടിസ്ഥാനം. നികുതി വെട്ടിക്കുറയ്ക്കല്‍, ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ്, സാമൂഹിക സുരക്ഷ, മെഡികെയര്‍ എന്നിവ തുടരുമെന്നുള്‍പ്പെടെയാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്.

കുടിയേറ്റം

കുടിയേറ്റ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്ന നയങ്ങള്‍ 2015 മുതല്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ട്രംപ് അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം പോലും കുറയുന്ന നിലയുണ്ടായിരുന്നു. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധന ഇക്കാലത്തുണ്ടായി.

കുടിയേറ്റക്കാരെ രൂക്ഷമായ ഭാഷയില്‍ പലപ്പോഴും അധിക്ഷേപിക്കുന്ന നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ നടപടികള്‍ നാസി കാലത്തേതിന് സമാനമാണെന്ന് പോലും വിമര്‍ശനം നേരിട്ടിരുന്നു.

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളില്‍ ട്രംപിനോളം കടുപിടുത്തം കമല ഹാരിസ് മുന്നോട്ട് വയ്ക്കുന്നില്ല. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമലയുടെ നിലപാട്. കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിചതമായി നിജപ്പെടുത്തണം എന്ന നിലയിലുള്ള നിര്‍ദേശമാണ് കമല ഹാരിസ് സ്വീകരിച്ച് വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.