
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നിന് തുടക്കം കുറിക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമാണ് ബാക്കി. ആവേശപ്പോരാട്ടങ്ങളുടെ ട്രാക്കിലേക്ക് ലോകം ചുരുങ്ങുന്ന ദിനങ്ങള്‍ വരുന്നു. ജൂലൈ 26 നാണ് ഒളിംപിക്‌സ് 2024 ആരംഭിക്കുക. ഫ്രാൻസിലെ പാരീസ് ആണ് ഇത്തവണ വേദി. ലോകരാജ്യങ്ങളും കായികതാരങ്ങളും ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആയിരിക്കുമ്പോഴും ആശങ്കകളും വിവാദങ്ങളും ഒടുങ്ങിയിട്ടില്ല. പാരീസ് ഒളിമ്പിക്സിന്റെ ആതിഥേയത്വം തന്നെയാണ് മിക്ക ആശങ്കകളുടെയും അടിസ്ഥാനം. ഹിജാബ് നിരോധനം മുതൽ ഇസ്രയേലിനെ വിലക്കണം എന്നുള്‍പ്പെടെയുള്ള മുറവിളി വരെ ഇതിൽ ഉൾപ്പെടുന്നു.
ഗെയിംസിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ( മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രം) ധരിക്കുന്നതിൽ നിന്ന് ഫ്രാൻസ് അതിന്റെ കായികതാരങ്ങളെ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അന്നത്തെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയാ-കാസ്റ്ററ മതേതരത്വത്തിന്റെ തത്വങ്ങളെ മാനിക്കുന്നതിനും പൊതു സേവനങ്ങളിൽ തികഞ്ഞ നിഷ്പക്ഷത ഉറപ്പാക്കുന്നതിനുമായി ഒളിമ്പിക്‌സിൽ രാജ്യത്തെ അത്‌ലറ്റുകളെ ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ഈ നീക്കം കാരണമായത്.
എന്നാൽ നേരത്തെയും രാജ്യത്തെ കായികമേഖലകളിൽ ഇതേ നയം തന്നെയാണ് ഫ്രാൻസ് സ്വീകരിച്ചിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷങ്ങളിൽ ഒന്നാണ് ഫ്രാൻസിലുള്ളത്. എന്നിട്ടുപോലും യൂറോപ്പിൽ നടക്കുന്ന മിക്ക ആഭ്യന്തര കായിക മത്സരങ്ങളിൽ നിന്നും ഹിജാബ് ധരിച്ച കായികതാരങ്ങളെ ഫ്രാൻസ് വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും അത്‌ലറ്റ്സ് വില്ലേജിൽ അത്‌ലറ്റുകൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ഹിജാബ് ധരിക്കുന്നതിനോ അല്ലെങ്കിൽ മറ്റേതെങ്കിലും മതപരമോ സാംസ്കാരികമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതിനോ യാതൊരു നിയന്ത്രണവുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഗാസക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ ഒളിമ്പിക്സിൽ നിന്ന് വിലക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇസ്രയേലിനെ ഒളിമ്പിക്സിൽ നിന്ന് വിലക്കണമെന്ന് ഐഒസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ 15,000 കുട്ടികൾ ഉൾപ്പെടെ 38,000 പലസ്തീനികൾ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ ആരോപണം നേരിടുന്ന ഇസ്രയേലിന് അനന്തര ഫലങ്ങൾ നേരിടേണ്ടി വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന ആവശ്യം. എന്നാൽ ഇസ്രയേലിന് നേരെ യാതൊരു നടപടിയും കൈക്കൊളളാൻ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു ചോദ്യവും ഉയർന്നു വരേണ്ടതില്ല എന്നാണ് ഐഒസി പ്രസിഡൻ്റ് തോമസ് ബാച്ച് പറഞ്ഞത്. എങ്കിലും ഈ ആവശ്യങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിർമാണ പദ്ധതികളിൽ, ഗുരുതരമായ 31 അപകടങ്ങൾ ഉൾപ്പെടെ 181 അപകടങ്ങളെങ്കിലും വിവിധ ജോലിസ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് എന്നാണ് റിപ്പോർട്ട്. തൊഴിലാളികളും അവരുടെ യൂണിയനുകളും മെച്ചപ്പെട്ട സാഹചര്യങ്ങളും വേതനവും ആവശ്യപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഒളിമ്പിക്സ് ബോണസും സ്റ്റാഫ് റിക്രൂട്ട്മെന്റും ആവശ്യപ്പെട്ട് വിവിധ വിമാനത്താവളങ്ങളിൽ വ്യോമയാന തൊഴിലാളികളും മാനേജ്‌മെൻ്റും തമ്മിൽ തർക്കം നിലനിൽക്കുന്നുമുണ്ട്.
ഫ്രാൻസ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന സീൻ നദി നിരവധി ജല ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ട വിവരം അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗെയിംസിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പാരീസ് സിറ്റി ഹാൾ നദിയിൽ നീന്തലിന് അനുമതി നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്നാണ് സിറ്റി ഹാൾ ഉദ്യോഗസ്ഥൻ പിയറി റബാദാൻ വിശദീകരണം നൽകിയത്.
എന്നാൽ നേരത്തെ നടത്തിയ പരിശോധനകളിൽ ജലത്തിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കായിക ഫെഡറേഷനുകൾ ഏർപ്പെടുത്തിയ ഉയർന്ന പരിധിയേക്കാൾ വളരെ കൂടുതലാണ് എന്ന് വ്യക്തമായിട്ടുണ്ട്. വേൾഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ ഉപയോഗിക്കുന്ന സ്വീകാര്യമായ അളവിലേക്ക് ഒരു ഘട്ടത്തിൽ പോലും ഇത് താഴ്ന്നിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ നദി ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമാകുന്നതാണ്. തുടർന്ന് ട്രയാത്ത്‌ലോണിനും നീന്തൽ മാരത്തണിനും നദി ആതിഥേയത്വം വഹിക്കും.
2022 ഫെബ്രുവരിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള അത്‌ലറ്റുകൾക്ക് ലോക കായിക വിനോദങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കർശനമായ നിബന്ധനകൾക്ക് വിധേയമായി നിഷ്പക്ഷമെന്ന ബാനറിൽ ഒളിമ്പിക്സ് സംഘടന അവരുടെ വിലക്ക് മാറ്റി.
ഗെയിംസിലേക്ക് ക്ഷണിക്കപ്പെടുന്നതിന്, മതിയായ നല്ല ഫലങ്ങൾ നേടിയ ഈ ‘നിഷ്പക്ഷ വ്യക്തിഗത അത്ലറ്റുകൾ’ രണ്ട് തവണ പരിശോധിക്കേണ്ടതുണ്ട്. ആദ്യം അന്താരാഷ്‌ട്ര സ്‌പോർട്‌സ് ഫെഡറേഷനുകളും പിന്നീട് ഐഒസിയും ഇവരെ പരിശോധിക്കും. യുക്രെയ്‌നിലെ യുദ്ധത്തെ സജീവമായി പിന്തുണച്ചിട്ടില്ലെന്നോ അവരുടെ രാജ്യങ്ങളുടെ സൈന്യവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ ഉറപ്പാക്കാൻ വേണ്ടിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല