സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈത്തിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈത്ത് സർക്കാർ. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദേശികൾ അത് പൂർണമായും അടച്ചു തീര്‍ക്കുന്നതിന് മുമ്പ് രാജ്യം വിടുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഏതൊക്കെ സാഹചര്യങ്ങളിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതിയുടെ അഭാവത്തിൽ കോടതി പിഴ ചുമത്തിയ കേസുകളില്‍.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ വ്യക്തികള്‍ നേരിട്ട് ഹാജരാവാതെ പിഴ ചുമത്തപ്പെട്ടിട്ടുള്ളതും, ഈ വ്യക്തികളെ അക്കാര്യം നേരിട്ട് അറിയിക്കാത്തതുമായ സാഹചര്യങ്ങളാൽ.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് ഹാജരാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളില്‍, പ്രതികള്‍ സമയബന്ധിതമായി അപ്പീല്‍ സമര്‍പ്പിച്ച് വിധി കാത്തിരിക്കുന്ന കേസുകളില്‍.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് ഹാജരാവാതെ പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളില്‍, പ്രതികൾ സമയബന്ധിതമായി അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യങ്ങളില്‍.
അതേസമയം, സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട പിഴ തുകകള്‍ പൂര്‍ണ്ണമായും അടച്ച് തീര്‍ക്കുന്ന മുറയ്ക്ക് പ്രവാസികൾക്കെതിരേ ഇതിൻ്റെ പേരിൽ ചുമത്തപ്പെട്ട യാത്രാ വിലക്കുകള്‍ തനിയെ നീങ്ങുമെന്നും വിലക്ക് നീക്കാൻ പ്രത്യേക നടപടിക്രമങ്ങൾ ഒന്നുമില്ലെന്നും അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല