സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവതികള്‍ക്ക് പിഴയിട്ടു, ഒപ്പം ശുദ്ധികലശവും. കര്‍ണാടകയിലെ ഹോലെനാര്‍സിപൂരില്‍ സിഗരനഹള്ളിയിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് സ്ത്രീകള്‍ക്കാണ് 1000 രൂപ പിഴയിട്ടത്. കൂടാതെ ക്ഷേത്രത്തില്‍ ശുദ്ധികലശവും നടത്തി.
അതേസമയം, പിഴയടയ്ക്കാന്‍ യുവതികള്‍ തയാറായില്ല. ഉല്‍സവത്തിനു തങ്ങളും പണം നല്‍കിയതാണെന്നും അതുകൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നും അവര്‍ വാദിച്ചു. 2001 ല്‍ പണിത ശ്രീ ബസവേശ്വര ക്ഷേത്രത്തിലേക്ക് ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ നാല് ദലിത് സ്ത്രീകള്‍ ഓഗസ്റ്റ് 31 ന് പ്രവേശിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തിരുന്നു.
സവര്‍ണരായ വൊക്കലിംഗ വിഭാഗത്തിലെ ദേവരാജ എന്നയാള്‍ ദലിത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തിരുന്നു. തായമ്മ എന്ന ദലിത് സ്ത്രീ ഇതെതിര്‍ത്തു. വൊക്കലിംഗ വിഭാഗത്തില്‍പെട്ട ഒന്‍പതു സ്ത്രീകളും നാലു ദലിതരുമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത്. ദേവരാജ സ്ത്രീകളിലൊരാളെ തല്ലാനോങ്ങുകയും ചെയ്തു. പിറ്റേദിവസം, സവര്‍ണവിഭാഗക്കാര്‍ യോഗം ചേര്‍ന്ന് ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘത്തിന് 1000 രൂപ പിഴയിടുകയായിരുന്നു. ശുദ്ധികലശം നടത്തണമെന്നും സവര്‍ണര്‍ ആവശ്യപ്പെട്ടു. ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ ക്ഷേത്രത്തിന്റെ പരിശുദ്ധിക്കു കളങ്കം സംഭവിച്ചെന്നും അവര്‍ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കമ്യൂണിറ്റി ഹാളും ദലിതര്‍ക്ക് ഉപയോഗിക്കാനാവില്ലെന്നു സവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ സ്വദേശമായ ഹരദനഹള്ളി സിഗരനഹള്ളിയുടെ അടുത്താണ്. അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍ നിന്നുള്ള പണവും കമ്യൂണിറ്റി ഹാളിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഹാള്‍ വൊക്കലിംഗ ഭവന്‍ ആക്കി മാറ്റുകയും ദലിതര്‍ക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല