1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2024

സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം 2023 ജനുവരിയില്‍ ആരംഭിച്ച തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതിനകം 80 ലക്ഷത്തിലധികം ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഫ്രീ സോണ്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പൊതു – സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ – വിദേശ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുന്നതിലോ പുതുക്കുന്നതിലോ വീഴ്ച വരുത്തുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വന്തം സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസ് ഉടമകള്‍, വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പുതിയ ജോലിയിലേക്ക് മാറുന്ന വിരമിച്ചവര്‍ എന്നിവരുള്‍പ്പെടെ ചില വിഭാഗങ്ങളെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പിഴകള്‍ ഒഴിവാക്കുന്നതിനും പദ്ധതി നല്‍കുന്ന സാമ്പത്തിക സുരക്ഷ പ്രയോജനപ്പെടുത്തുന്നതിനും യോഗ്യരായ എല്ലാ ജീവനക്കാരോടും ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

എല്ലാവര്‍ക്കും താങ്ങാനാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തൊഴില്‍ നഷ്ടമുണ്ടായാല്‍ പരിമിതകാലത്തേക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. രണ്ട് വിഭാഗങ്ങളായാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനെ ചെയ്തിരിക്കുന്നത്. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം.

ഇവര്‍ക്ക് പരമാവധി 10,000 ദിര്‍ഹം പ്രതിമാസ നഷ്ടപരിഹാരം ലഭിക്കും. 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാര്‍ പ്രതിമാസം 10 ദിര്‍ഹം പ്രീമിയം നല്‍കണം. ഇവര്‍ക്കുള്ള പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹമായിരിക്കും. നഷ്ടപരിഹാരത്തിന് യോഗ്യത നേടുന്നതിന്, ഗുണഭോക്താക്കള്‍ അവരുടെ സബ്സ്‌ക്രിപ്ഷന്‍ തുടര്‍ച്ചയായി 12 മാസമെങ്കിലും നിലനിര്‍ത്തിയിരിക്കണമെന്ന് നിബന്ധനയുണ്ട്.

ഒരു വ്യക്തി അവരുടെ റസിഡന്‍സി റദ്ദാക്കി രാജ്യം വിടുകയോ പുതിയ തൊഴില്‍ ഉറപ്പാക്കുകയോ ചെയ്താല്‍ നഷ്ടപരിഹാര അവകാശങ്ങള്‍ നഷ്ടപ്പെടും. പദ്ധതി കാലഹരണപ്പെടുന്നതിന് മുമ്പ് അവരുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ജീവനക്കാരെ ഓര്‍മ്മിപ്പിക്കുകയും അവരുടെ ജോലി അവസാനിപ്പിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും വേണം. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ILOE (ഇന്‍വൊളണ്ടിയറി ലോസ് ഓഫ് എംപ്ലോയ്‌മെന്റ്) വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ഇന്‍ഷുറന്‍സ് ക്ലെയിം ഫയല്‍ ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.