1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ വൻകിട കമ്പനികളിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് പിഴ ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് 9092 രൂപ(400 ദിർഹം) വീതം പിഴ ഈടാക്കും. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കുന്നുള്ളൂ.

തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും ഈ ഇൻഷുറൻസ് എടുത്തിരിക്കണമെന്നാണ് നിയമം.

പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. യുഎഇയിൽ 67 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരുന്നു. ഇൻഷുറൻസ് എടുത്ത് ഒരു വർഷം പൂർത്തിയായവർക്ക് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനകം പുതുക്കാത്തവർക്കാണ് പിഴ. വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാൻ ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും നഷ്ടമായത് 400 ദിർഹം.

തൊഴിലാളികളുടെ സൗകര്യാർഥം വലിയ കമ്പനികളുടെ എച്ച്ആർ വിഭാഗമാണ് കഴിഞ്ഞ വർഷം തൊഴിൽനഷ്ട ഇൻഷൂറൻസ് എടുത്തു നൽകിയിരുന്നത്. തുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുകയും ചെയ്തു. എന്നാൽ യഥാസമയം ഇൻഷുറൻസ് പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറന്നതാണ് വിനയായത്. പുതുക്കിയില്ലെങ്കിലും ഇൻഷുറൻസ് എടുത്തില്ലെങ്കിലും പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.