സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ ഒഴിവാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് കോൾ സെന്റർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഫ്ലൈ ദുബായ്, എയർ ഇന്ത്യാ വിമാനങ്ങൾ റദ്ദാക്കിയത് മൂലം വീസാ കാലാവധി പിന്നിട്ട് രാജ്യത്ത് ബാക്കിയായിപ്പോയ ഇന്ത്യക്കാരടക്കം പലരുടെയും ഒാവർസ്റ്റേ പിഴ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
2023-ൽ പുതുക്കിയ വീസാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് പ്രതിദിനം 50 ദിർഹം പിഴ ചുമത്തിവരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ പിഴയൊന്നും അടക്കേണ്ടതില്ലെന്ന് അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. തങ്ങളുടെ യാത്രക്കാർക്കും ഇതേ അനുഭവം ഉണ്ടായതായി ദുബായ് ആസ്ഥാനമായുള്ള ഒരു ട്രാവൽ ഏജൻസിയും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല