നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത് ചിലരുടെയൊരു ഹോബിയാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നഖങ്ങള്‍ നീട്ടി വളര്‍ത്തി അവയില്‍ ചായം തേച്ച് കൊടുക്കുന്നത് അവരുടെ സൌന്ദര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അമേരിക്കക്കാരി മുത്തശ്ശി ജാസ് ഐസന്‍ സിങ്ക്ഫീല്‍ടിന്റെ നഖം വളര്‍ത്തല്‍ വിചിത്രം തന്നെ, കാരണം അവരുടെ നഖങ്ങളുടെ നീളം തന്നെ, 14 അടി! നീണ്ട 22 വര്‍ഷം കൊണ്ടാണ് ജാസ് തന്റെ നഖങ്ങളെ വളര്‍ത്തിയെടുത്തിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ട നഖങ്ങളെ പരിപാലിക്കാന്‍ ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 155 പൌണ്ടുമാണ് ജാസ് ചിലവഴിക്കുന്നത്. ആരെയും മാന്താനോ നുള്ളാനോ ഈ നഖം ഉപകാരപ്പെടില്ല എന്നു മാത്രമല്ല ഈ നഖം കാരണം ഷൂ ഇടുക, ആഭരണങ്ങള്‍ ഊരുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അവര്‍ക്ക് ചെയാനാകില്ല എന്നിരിക്കെ അവര്‍ ഇത്രയേറെ നഖങ്ങളെ നീട്ടി വളര്‍ത്തിയത് അമേരിക്കന്‍ ടിവി ടോക്ക് ഷോയായ ഒപ്ര വിന്‍ഫ്രെ ഷോയില്‍ പങ്കെടുക്കാന്‍ ആയിരുന്നു, എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ നഖം നീണ്ടപ്പോഴേക്കും ഈ പരിപാടി അവസാനിച്ചു.
എന്നു കരുതി ജാസ് തളര്‍ന്നില്ല, അവര്‍ മറ്റൊരു പ്രശസ്ത ടിവി ഷോയില്‍ പങ്കെടുത്തു. എന്നാല്‍ ഈ ഷോയുടെ അവസാനം ജാസിന്റെ നഖം മുറിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഷോയില്‍ നിന്നും പിന്മാറി. മുത്തശ്ശി ഇങ്ങനെയാണ് പറയുന്നത് : ”എന്റെ നഖങ്ങളാണ് ഞാന്‍ , ഞാന്‍ എന്നെ സ്നേഹിക്കുന്നു – എന്റെ നഖങ്ങളെയും. എന്റെ നഖങ്ങളെന്റെ ആരോഗ്യത്തിന് മോശമാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍പോലും ഞാന്‍ ഈ നഖങ്ങള്‍ മുറിക്കില്ല”
ഒരു ദിവസം ഒപ്ര വിന്ഫ്രെയെയും മറ്റു സെലിബ്രിട്ടികളെയും കാണാനാകുമെന്നും, അവരോടു തന്റെ കഥകള്‍ പറയാനാകുമെന്നുമാണ് ഈ മുത്തശ്ശി ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്തായാലും അവരുടെ ആഗ്രഹം നടക്കട്ടെയെന്നു നമുക്കും ആശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല