1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ഒഴിവുകൾ കുറവും തൊഴിൽരഹിതരുടെ എണ്ണം കൂടുതലുമായതോടെ ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നത് പ്രയാസകരമായി മാറി. വിദേശ തൊഴിലാളികൾക്ക് ഈ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. പുതിയ റസിഡൻസ് പെർമിറ്റ് നിയമങ്ങൾ തൊഴിൽ കണ്ടെത്തുന്നതിന് സമയപരിധി വയ്ക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

ഈ നിയമം നടപ്പിലായാൽ, തൊഴിൽ അന്വേഷിക്കുന്ന വിദേശികൾക്ക് വെറും മൂന്ന് മാസത്തിനുള്ളിൽ ജോലി കണ്ടെത്തേണ്ടി വരും. പ്രത്യേക കഴിവുകൾ ഉള്ളവർക്കും പുതിയ സംരംഭകർക്കും ഫിൻലൻഡിൽ രണ്ട് വർഷത്തിലധികം താമസിച്ചവർക്കും ഇതിൽ ഇളവുകൾ ഉണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ജോലി കണ്ടെത്തേണ്ട സമ്മർദ്ദം വളരെ കൂടുതലാണ്. 2025 വസന്തകാലത്തോടെ, മൂന്ന് മാസം കാലാവധി നിഷ്കർഷിക്കുന്ന ഈ നിയമം നടപ്പിലാക്കിയേക്കും.

ഏപ്രിലിൽ തൊഴിൽരഹിതരിൽ, വിദേശ പൗരന്മാരുടെ എണ്ണം 41,300 ആയിരുന്നു, സർക്കാർ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 6,300 വർധന. ഭാഷാ തടസ്സം ഫിൻലൻഡിലെ രാജ്യാന്തര തൊഴിലന്വേഷകർക്കു വെല്ലുവിളിയാണ് . സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത് തൊഴിലില്ലാത്തവർ ശരാശരി 63 ആഴ്ചയോളം തൊഴിലന്വേഷണം നടത്തുന്നുവെന്നാണ്.

അപേക്ഷകരുടെ ഇടയിലെ കടുത്ത മത്സരവും ഭാഷാതടസ്സവും തൊഴിൽ വിപണിയിൽ ശക്തമാണ്. സാമ്പത്തിക കാര്യ, തൊഴിൽ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2024 ഏപ്രിലിൽ, നികത്താത്ത ഒഴിവുകളുടെ എണ്ണം 114,500 ആയി കുറഞ്ഞു, ഇത് മുൻ വർഷത്തേക്കാൾ 55,900 കുറവാണ്. അതേസമയം, തൊഴിലില്ലാത്ത തൊഴിലന്വേഷകരുടെ എണ്ണം 275,300 ആയി ഉയർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 29,200 ന്‍റെ വർധനവാണ്.

തങ്ങളുടെ അപേക്ഷകൾ ഒന്നുകിൽ ശ്രദ്ധയിൽപെടാതെ പോകുകയോ അല്ലെങ്കിൽ പൊതുവായ തിരസ്കരണങ്ങളോ ആണെന്നാണ് തൊഴിൽ അന്വേഷകരുടെ പരാതി. ഏത് സ്ഥാനത്തേക്കും നൂറുകണക്കിന് ആളുകൾ അപേക്ഷിക്കുന്നതിനാൽ കടുത്ത മത്സരമാണ് ജോലിക്കായി നടക്കുന്നത്.ഒൻപതു മാസം മുൻപ് ജോലി നഷ്ടപ്പെട്ടതിന് ശേഷം 200 അപേക്ഷകൾ അയച്ചതായി 20 വർഷമായി ഫിൻലൻഡിൽ താമസിക്കുന്ന, പ്രവൃത്തി പരിചയമുള്ള ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

ഫിന്നിഷ് തൊഴിലാളികൾ,ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ വേനൽക്കാല അവധിക്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, മിക്ക സ്ഥാപനങ്ങളും പുതിയതായി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇപ്പോൾ ശരത്കാലം വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മന്ത്രാലയത്തിന്‍റെ കണക്കുകൾ കാണിക്കുന്നത്, കുറഞ്ഞത് ഒരു വർഷമെങ്കിലും തൊഴിലില്ലാത്തവരുടെ എണ്ണം, 92,300 ൽ എത്തിയെന്നാണ്. ഇത് മുൻവർഷത്തേക്കാൾ 7,700 വർധനയാണ്. ഫിന്നിഷ് ഭാഷയിലെ പരിജ്ഞാനക്കുറവ് മൂലം വിദേശികൾ പൊതുവെ തൊഴിൽ വിപണിയിൽ പിൻതള്ളപ്പെടുന്നു.പല പ്രൊഫഷണലുകളും തങ്ങളുടെ അനുഭവങ്ങൾ ഇപ്പോൾ കൂടുതലായി ലിങ്ക്ഡ്ഇൻ പോലുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. സമാന മേഖലകളിലുള്ളവരുമായി സംവദിക്കുന്നത് തങ്ങളുടെ അവസരങ്ങൾ കൂടുതൽ വിപുലമാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.

ഫിൻലൻഡിലെ തൊഴിൽ വിപണി തൊഴിലന്വേഷകർക്കും റിക്രൂട്ടർമാർക്കും വെല്ലുവിളികൾ നിറഞ്ഞതാണ്. റിക്രൂട്ടർമാർ ഓരോ പദവിയിലേക്കും നൂറുകണക്കിന് അപേക്ഷകളെ നേരിടുകയാണ്. മൂന്ന് വർഷം മുമ്പ് വരെ യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുക്കാൻ ധാരാളം പേരുണ്ട്.

തൊഴിലില്ലായ്മ 2024 അവസാനത്തോടെ ഉച്ചസ്ഥായിയിലെത്തുമെന്നും പിന്നീട് സാവധാനം കുറയുമെന്നുമാണ് പ്രതീക്ഷ. 2026-ഓടെ തൊഴിലില്ലാതിരിക്കാനുള്ള സാധ്യത കുറയും. ഈ സാഹചര്യത്തിൽ, തൊഴിലന്വേഷകർക്ക് ഫിന്നിഷ് പഠിക്കാനും, തൊഴിൽ വിപണിയെക്കുറിച്ച് ഗവേഷണം നടത്താനും കഴിയും. റിക്രൂട്ടർമാർക്ക് അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാനും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാനും കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.