സ്വന്തം ലേഖകൻ: അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം.16 ഫ്ലാറ്റുകൾ കത്തിനശിച്ചു. 13 കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നില പാർപ്പിട കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്.
ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കി, താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഫ്ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു. കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നും പൊലീസ് ഒാപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു.
കെട്ടിടത്തിലെ അഗ്നിബാധയുടെ വിഡിയോയും ചിത്രങ്ങളും അജ്മാൻ പൊലീസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഫ്ലാറ്റുകൾ കത്തിനശിച്ചതായി വിഡിയോയിലും ചിത്രങ്ങളിലും ദൃശ്യമാണ്. ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ ഇവിടെ താമസിക്കുന്നുണ്ട്. കെട്ടിടങ്ങളിൽ പ്രത്യേകിച്ച് പാർപ്പിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല