സ്വന്തം ലേഖകൻ: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു.
സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന രണ്ടുപേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
അതിനിടെ എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല