1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2024

സ്വന്തം ലേഖകൻ: മംഗഫിലെ തീപിടിത്തത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരുടെ ബന്ധുക്കൾ കുവൈത്തിലെത്തി. വിമാനത്താവളത്തിൽ സ്വീകരിച്ച എൻബിടിസി ജീവനക്കാർ ഇവരെ ഉറ്റവരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ടിവിയുടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ ദുരന്തത്തിന്റെ ബാക്കിപത്രം നേരിട്ട് കണ്ടപ്പോൾ സങ്കടം അടക്കാനായില്ല പലർക്കും.

കടൽ കടന്ന് എത്തിയവരുടെ തേങ്ങൽ രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ണീരണിയിച്ചു. യാഥാർഥ്യം ഉൾക്കൊള്ളാൻ പലരും ഏറെ പാടുപെട്ടു. ജീവിത പങ്കാളിയുടെയും മക്കളുടെയും സഹോദരങ്ങളുടെയുമെല്ലാം സാമീപ്യം രോഗം ഭേദമാകാൻ സഹായിക്കുമെന്നു മനസ്സിലാക്കിയാണ് കമ്പനി ബന്ധുക്കളെ കുവൈത്തിൽ എത്തിച്ചത്.

അഗ്നിബാധയിൽനിന്ന് രക്ഷപ്പെടാൻ രണ്ടാം നിലയിൽനിന്ന് ചാടിയതിനാൽ 3 വാരിയെല്ല് പൊട്ടിയ കാസർകോട് സ്വദേശിയും എൻബിടിസി കമ്പനി മെസഞ്ചറുമായ നളിനാക്ഷനെ കാണാനാണ് ഭാര്യ ബിന്ദുവും മകൻ ആദർശും എത്തിയത്. കഴുത്തിനും വലതു കയ്യിനും പരുക്കുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നളിനാക്ഷൻ. ഭാര്യയുടെയും മകന്റെയും സാമീപ്യം വലിയ ആശ്വാസമാണെന്ന് നളിനാക്ഷൻ പറഞ്ഞു.

ഇതുപോലെ പരുക്കേറ്റവരുടെ 5 കുടുംബാംഗങ്ങളാണ് എത്തിയത്. 4 പേർ ബുധനാഴ്ച എത്തും. കൂടാതെ അഗ്നിബാധയിൽ മരിച്ച 49 പേരിൽ ഇതുവരെ തിരിച്ചറിയാത്ത ബിഹാറുകാരന്റെ സഹോദരനെ കുവൈത്തിൽ എത്തിച്ച് ഡിഎൻഎ ടെസ്റ്റിന് ഹാജരാക്കി. ഫലം ഒത്തുനോക്കി കലൂക ഇസ്‍ലാമിന്റേതാണെന്നു തിരിച്ചറിഞ്ഞാൽ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് എച്ച്ആർ ആൻഡ് അഡ്മിൻ കോർപറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

ബന്ധുക്കളുടെ വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണം, താമസം, യാത്രാസൗകര്യം എന്നിവയെല്ലാം കമ്പനിയാണ് ഒരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.