1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫില്‍ അടുത്തിടെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം പുറത്തുകൊണ്ടുവന്നത് ഗുരുതരമായ കെട്ടിട നിയമ ലംഘനങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരസഭയുടെയും വൈദ്യുതി-ജല മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലൂടെ ഒരു പ്രാദേശിക പത്രം നടത്തിയ പര്യടനത്തില്‍, നിരവധി റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ഒരു കുളിമുറിയും അടുക്കളയും അടങ്ങുന്ന സ്റ്റുഡിയോകള്‍ നിര്‍മ്മിക്കാന്‍ കെട്ടിട പ്രവേശന കവാടങ്ങള്‍ വരെ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തി. ഔദ്യോഗിക അനുമതികളില്ലാതെ നടത്തിയ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരശോധനാ സംഘം നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയിടുകയും കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നതും ഒഴിവാക്കാനായി പലരും അനധികൃത നിര്‍മിതികള്‍ നീക്കി കെട്ടിടങ്ങള്‍ പഴയപടിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടങ്ങളില്‍ അനുവാദമില്ലാതെ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ കാരണം ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതി ലോഡ് കൂടുകയും അത് പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് കാരണമാവുകയും ചെയ്യുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കണക്കില്‍ പെടാത്ത ആളുകള്‍ കെട്ടിടങ്ങളില്‍ താമസിക്കുന്നത് കാരണം അതിന്റെ മലിനജല സംവിധാനത്തെയും പാര്‍ക്കിംഗ് സൗകര്യങ്ങളെയും അത് വലിയ തോതില്‍ ബാധിക്കുന്ന സ്ഥിതിയുമുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് രക്ഷപ്പെടുന്നതിനായി തയ്യാറാക്കിയ ഫയര്‍ എക്‌സിറ്റുകള്‍ അടച്ച് മുറികളുണ്ടാക്കിയതും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ കെട്ടിടത്തിന്റെ താഴേ നില ഗോഡൗണുകളാക്കി മാറ്റിയതുമായ കേസുകളും കണ്ടെത്തിയിട്ടുണ്ട്.

ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ പരിശോധനകള്‍ തുടരുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യുവാനും ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുവാനുമാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കെട്ടിട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം മംഗഫിലെ തീപ്പിടിത്തം ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.