സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തെക്കന്‍ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ കുവൈത്ത് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നിരവധി മലയാളികള്‍ ഉള്‍പ്പെടെ 135 പേരെ. ഇവരില്‍ 35 പേര്‍ ശക്തമായ പുക കാരണം പുറത്തിറങ്ങാനാവാതെ കെട്ടിടത്തിന്റെ ഗോവണിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ മംഗഫിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായതെന്ന വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്സ് സ്‌ക്വാഡ് അഞ്ച് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി തീയണച്ചതായി അദ്ദേഹം പറഞ്ഞു. അതിസാഹസികമായാണ് കെട്ടിടത്തിന് അകത്ത് കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. കെട്ടിടങ്ങളിലെ സുരക്ഷാ വഴികളും ഫയര്‍ എക്‌സിറ്റുകളും ഉള്‍പ്പെടെ അടച്ചുകൊണ്ടുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തിലുള്ള ദുരന്തങങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനകളില്‍, അല്‍ മംഗഫ്, മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ 225 ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് ഫയര്‍ ഫോഴ്‌സിലെ പരിശോധനാ വിഭാഗങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി കെട്ടിടങ്ങളില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും 22,000ത്തിലേറെ കേസുകളില്‍ കെട്ടിട ഉടമകളില്‍ നിന്ന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് കെട്ടിടങ്ങളും ഇന്‍സ്റ്റലേഷനുകളും ഷോപ്പിംഗ് മാളുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കെഎഫ്എഫ് ആക്ടിംഗ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് അബ്ദുല്ല ഫഹദ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിനങ്ങളില്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു കൊണ്ടുള്ള കൂടുതല്‍ പരിശോധനകള്‍ നടത്തും. 50 പേരുടെ മരണത്തിന് കാരണമായ അല്‍ മംഗഫ് തീപ്പിടിത്തത്തില്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല