ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലുള്ള കെട്ടിടങ്ങളില്‍നിന്ന് 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് സമീപത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഹോള്‍ബോണിലെ നടപ്പാതയ്ക്ക് അടിയിലൂടെ പോകുന്ന പവര്‍ കേബിളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.
എമര്‍ജന്‍സി സര്‍വീസസ് ലണ്ടന്‍ സ്‌കുള്‍ ഓഫ് എക്കണോമിക്‌സിന്റെ പരിസരത്തുനിന്നും ആളുകളെ മാറ്റി. കുട്ടികളോട് തീപിടുത്തമുണ്ടായ ഭാഗത്തേക്ക് വരരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വീഡിയോ ഫൂട്ടേജില്‍ പ്രദേശമാകെ കറുത്ത പുക നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കുമായിരുന്നു. ഭൂമിക്കടിയില്‍നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിയാന്‍ വയ്യാതെ ജനങ്ങള്‍ ആകെ പരിഭ്രാന്തരായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പവര്‍ കേബിളുകള്‍ക്ക് തീപിടുത്തമുണ്ടായതിനാല്‍ ആ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. ബ്രിട്ടണിലെ പ്രാദേശിക സമയം 12.40 ഓടെയാണ് ആദ്യപുക കണ്ടു തുടങ്ങിയത്. ആറ് ഫയര്‍ എന്‍ജിനുകളും 35 ഫയര്‍ ഫൈറ്റേഴ്‌സും പ്രദേശത്ത് തീപടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല