സ്വന്തം ലേഖകന്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ, ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഷിക്കാഗോയിലെ ഒഹയര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിച്ച് ഇരുപത്തൊന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു. അവസരോചിത ഇടപെടലിലൂടെ യാത്രക്കാരെ പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. എന്‍ജിന്‍ തകരാറാണ് തീപിടിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
ഷിക്കാഗോയില്‍നിന്നും 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി മയാമിയിലേക്കു പുറപ്പെടാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വലതുവശത്തെ ഇന്ധനടാങ്കിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചത് വന്‍ദുരന്തം ഒഴിവാക്കി.
വിമാനത്തില്‍നിന്ന് ഇന്ധനം ചോരുന്നത് ഫയര്‍ഫോഴ്‌സ് വേഗത്തില്‍ പരിഹരിച്ചതും ദുരന്തത്തിന്റെ ആക്കം ലഘൂകരിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മയാമിയിലേക്ക് അയച്ചു. വിമാനത്താവളത്തിലെ സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡെര്‍ഡേലില്‍ കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഗിയര്‍ തകരാറിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതിനു പിന്നാലെയാണ് ഷിക്കാഗോയിലെ സംഭവം. ഫെഡെക്‌സ് കാര്‍ഗോ വിമാനം തകര്‍ന്നെങ്കിലും പൈലറ്റുമാര്‍ രക്ഷപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല