സ്വന്തം ലേഖകന്‍: ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം, ആളപായമില്ല. ലോകത്തെ ഏറ്റവും ഉയരമേറിയ താമസ സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നാണ് തീ പടര്‍ന്നത്. 87 നില കെട്ടിടത്തിലെ 676 വീടുകളില്‍നിന്നും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസും ചേര്‍ന്ന് മൂന്നു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കത്തിയമര്‍ന്ന കെട്ടിട ഭാഗങ്ങള്‍ റോഡിലേക്ക് തെറിച്ചുവീണത് ഗതാഗത തടസുമുണ്ടാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി അടച്ചിട്ട പ്രദേശത്തേക്കുള്ള റോഡുകള്‍ ഉച്ചയോടെ തുറന്നുകൊടുത്തു. കെട്ടിടത്തിന്റെ 26 ആം നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. 38 വീടുകള്‍ക്ക് തീപിടിത്തം നാശമുണ്ടാക്കി. 83, 84 നിലകള്‍ക്കും കേടുപാട് സംഭവിച്ചു. തീ പിടിത്തത്തിന്റെ കാരണം ഇതിവരെയും വ്യക്തമായിട്ടില്ല.
എല്ലാ വീടുകളിലും തിരച്ചില്‍ നടത്തി ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായി ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മറി അറിയിച്ചു. ഒഴിപ്പിച്ചവരെ അടുത്തുള്ള മൂന്ന് ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ദുബായ് രാജകുമാരന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേരിട്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല