സ്വന്തം ലേഖകൻ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചിയിൽ തുടരുന്നു. കുണ്ടന്നൂർ, വൈറ്റില മേഖലയിൽ പുക വ്യാപിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ ഭാഗത്തെ പുക ഒഴിഞ്ഞു തുടങ്ങി. ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ചിരിക്കുകയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. അടുക്കള മാലിന്യം റോഡിലേക്ക് എത്തുന്നുണ്ട്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പുക കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആലപ്പുഴ, അരൂർ ഭാഗങ്ങളിൽ പുകയുടെ സാന്നിധ്യം ഉയർന്നുതന്നെയാണ്. പുക ഉയരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടവുകോട്, പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോർപ്പറേഷനിലെയും സ്‌കൂളുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധി. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം ഏഴാം ക്ലാസ് വരെ മാത്രം അവധി പ്രഖ്യാപിച്ച കളക്ടറുടെ തീരുമാനത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരത്തു തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ 25 യൂണിറ്റുകളും നാവിക സേനാ യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണ നിലയും കടന്ന് ഉയർന്നു നിൽക്കുകയാണ്. അഞ്ചു ദിവസമായിട്ടും പ്രശ്‌നത്തിന് പൂർണ പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാൽ ജനകീയ സമര സമിതി ഇന്ന് പ്രതിഷേധിക്കും. കോൺഗ്രസും കൊച്ചി കോർപറേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിൽ അട്ടിമറി ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരംഭിച്ച പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ എൻ-95 മാസ്ക് ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
അഗ്നിരക്ഷാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജൻ പാർലറുകൾ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പൾമണോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്‌സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബി.പി.സി.എല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല