സ്വന്തം ലേഖകൻ: ഇന്നലെ റിയാദില്‍ നിന്ന് പാകിതാനിലെ പെഷവാറിലേക്ക് പറന്ന സൗദി വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപ്പിടിച്ചു. യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനത്തില്‍ 276 യാത്രക്കാരും 21 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെഷവാറിലെ ബച്ചാ ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് ചെയ്ത ഉടന്‍ ലാന്‍ഡിംഗ് ഗിയറിന് തീപ്പിടിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റിനെയും റെസ്‌ക്യൂ ടീമിനെയും ഉടന്‍ വിവരമറിയിച്ച തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗം പെട്ടെന്ന് ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. ഏതാനും പേര്‍ക്ക് നിസാര പരിക്കുകള്‍ പറ്റി എന്നതൊഴിച്ചാല്‍ മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയതായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
സൗദി വിമാനക്കമ്പനിയുടെ എസ് വി 792 ഫ്‌ളൈറ്റിാണ് അപകടത്തില്‍ പെട്ടത്. പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി എയര്‍ലൈന്‍സ് അറിയിച്ചു. തീപ്പിടിക്കാനുണ്ടായ സാങ്കേതിക കാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സൗദിയ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല