സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി യു എസ് പൊലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ച പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നു പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെ ആണ് പിരിട്ടുവിട്ടത്. ജാന്‍വിയെ കാറിടിച്ചപ്പോള്‍ ഡ്രൈവ് ചെയ്തത് കെവിന്‍ ആയിരുന്നു.
അതേസമയം, ജാന്‍വിയെ കാറിടിച്ച് തെറിപ്പിച്ച ശേഷം പൊട്ടിച്ചിരിക്കുകയും പരിഹസിച്ച് സംസാരിക്കുകയും ചെയ്ത കാറിലുണ്ടായിരുന്നു പൊലീസ് ഓഫീസര്‍ ഡാനിയേല്‍ ഓഡററെ നേരത്തേ സേനയില്‍ നിന്നു പുറത്താക്കിയിരുന്നു. ജനുവരിയിലായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കന്ദുല (23) സൗത്ത് ലേക് യൂനിയനില്‍ വച്ച് കാറിടിച്ച് മരിച്ചത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജാനവി.
താന്‍ ഒരാളെ ഇടിച്ചെന്നും അവര്‍ മരിച്ചെന്നും ഡാനിയേല്‍ പറയുന്നുണ്ട്. സാധാരണ സംഭവമാണെന്നും 11,000ഡോളറിന് ചെക്ക് എഴുതണമെന്നും പറഞ്ഞ് ഇയാള്‍ ചിരിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നാണ് പൊലീസ് അക്കൗണ്ടബിലിറ്റി ഓഫീസര്‍ അന്വേഷണം ആരംഭിച്ചത്. ജാനവി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കെവിനെതിരേ ഒന്നരവര്‍ഷമായി അന്വേഷണം നടക്കുകയായിരുന്നു. അമിത അളവില്‍ ലഹരിമരുന്നു കഴിച്ചതായി ഫോണ്‍ ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിനു പോകുകയായിരുന്നു പൊലീസ്. 119 കിലോമീറ്റര്‍ സ്പീഡിലായിരുന്നു പോലീസ് കാര്‍. മനപൂര്‍വമുള്ള അപകടമല്ലെങ്കിലും കെവിന്റെ ഭാഗത്ത് നിന്നു ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് സേനയില്‍ നിന്ന് പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല