
സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച ബജറ്റില്‍ പല രീതിയിലും തിരിച്ചടി നേരിടുന്നവരാണ് ഏവരും. എന്നാല്‍ അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആണയിടുന്നത്. പബ്ലിക് സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിട്ടാലും ചെലവഴിക്കല്‍ പദ്ധതികള്‍ക്കായി ഉള്ളത് കൊണ്ട് ജീവിക്കുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം.
മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നികുതി വര്‍ദ്ധനയുടെ പാക്കേജാണ് ബജറ്റില്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിലൊന്നും കാര്യങ്ങള്‍ അവസാനിക്കില്ലെന്നും, സമ്മര്‍ദത്തിലായ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്പ്രിംഗ് ബജറ്റില്‍ വീണ്ടും പണം കണ്ടെത്തേണ്ടി വരുമെന്നുമാണ് വാദങ്ങള്‍. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചാന്‍സലര്‍ തള്ളി.
കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരായപ്പോഴാണ് ഇനി നികുതി കൂട്ടിലെന്ന് റീവ്‌സ് ആവര്‍ത്തിച്ചത്. സംരക്ഷണമില്ലാത്ത ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി സ്പ്രിംഗ് ബജറ്റില്‍ പണം കണ്ടെത്തേണ്ടി വരുമെന്നായിരുന്നു ആശങ്ക. എന്നാല്‍ ലോക്കല്‍ കൗണ്‍സില്‍, കോടതികള്‍, ജയില്‍ എന്നിവയ്ക്കായി അഞ്ച് വര്‍ഷത്തേക്ക് പണം വകയിരുത്തിയിട്ടുണ്ടെന്നാണ് ചാന്‍സലര്‍ പറയുന്നത്.
പ്രധാന നികുതികളൊന്നും വര്‍ദ്ധിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത് തെറ്റാണെന്ന് ചാന്‍സലര്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നിരുന്നാലും 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ഉയര്‍ത്തിയതിനാല്‍ ഇനി വേണ്ടിവരില്ലെന്നാണ് റീവ്‌സ് അവകാശപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല