
സ്വന്തം ലേഖകൻ: തായ്‌ലന്റിൽ സ്ഥിരീകരിച്ച എം പോക്‌സ് കേസ് ഏറ്റവും അപകടകരമായ വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തായ്‌ലന്റിൽ യൂറോപ്യൻ പൗരന് എം പോക്‌സ് സ്ഥിരീകരിച്ചത്. അപകടകരമായ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നാണ് എ.എഫ്.പി യുടെ റിപ്പോർട്ട്.
ഒരാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നെത്തിയ ഇയാൾക്ക് പരിശോധനയ്ക്ക് പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം വകഭേദത്തെ കുറിച്ചറിയാൻ കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് രോഗനിയന്ത്രണ വകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചു.
ആഗസ്റ്റ് 14 നാണ് ഇയാൾ ആഫ്രിക്കയിൽ നിന്നെത്തിയത് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഇയാളെ എം പോക്‌സുമായി ബന്ധപ്പെട്ട മാർഗനിർദേശപ്രകാരമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇയാൾ ഏത് ആഫ്രിക്കൻ രാജ്യത്തു നിന്നാണ് എത്തിയത് എന്നകാര്യം പുറത്തുവിട്ടിട്ടില്ല.
എം പോക്സ് രോഗത്തിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ലോകാരോഗ്യ സംഘടന. സംഘടനയുടെ കണക്ക് പ്രകാരം 2022 മുതൽ 116 രാജ്യങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. വസൂരിയ്ക്ക് സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല