സ്വന്തം ലേഖകന്‍: ബ്രിട്ടനില്ലാത്ത ആദ്യ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസല്‍സില്‍, പുറത്തുപോകല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യം. ഹിതപരിശോധനയിലൂടെ പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതോടൊപ്പം ഭാവിയില്‍ ബ്രിട്ടന് പ്രത്യേക പരിഗണന നല്‍കേണ്ടെന്നും ധാരണയായി.
27 രാജ്യങ്ങളിലെ തലവന്മാരാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്. ഉച്ചകോടിയുടെ കരട് വിജ്ഞാപനത്തില്‍ ബ്രിട്ടന്‍ അടുത്ത പങ്കാളിയായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ഭാവി ബന്ധം ധാര്‍മിക ബാധ്യതകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കരടിലെ കൂടുതല്‍ വ്യവസ്ഥകളടങ്ങിയ സന്ദേശം ചൊവ്വാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് കൈമാറിയിരുന്നു.
യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്താകുന്നതോടെ കൂടുതല്‍ പരിക്കേല്‍ക്കുക ഇംഗ്ലീഷ് ഭാഷക്കാണ്. 28 ഇയു രാജ്യങ്ങളില്‍ ഇംഗ്ലീഷ് പ്രഥമഭാഷയായി അംഗീകരിച്ചിരുന്നു. ഇ.യു സ്ഥാപനങ്ങളിലും പ്രഥമഭാഷ ഇംഗ്‌ളീഷായിരുന്നു. ബ്രിട്ടന്‍ വിടുന്നതോടെ ഭാഷയുടെ പ്രാമുഖ്യം നഷ്ടപ്പെടും. ഇ.യുവില്‍ 24 ഔദ്യോഗിക ഭാഷകളാണുള്ളത്. യൂറോപ്യന്‍ കമീഷനും മന്ത്രിമാരും ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മനുമാണ് ഉപയോഗിക്കുന്നത്. ബ്രിട്ടന്‍ പുറത്തുപോകുന്നതോടെ ഫ്രഞ്ച് ഭാഷ പ്രഥമഭാഷയാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സ് രംഗത്തത്തെിയിട്ടുണ്ട്.
യൂനിയനുമായി ക്രിയാത്മകമായ വിടവാങ്ങലാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് കാമറണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യൂനിയനുമായുള്ള ബന്ധം നഷ്ടമാകുന്നതില്‍ ഖേദമുണ്ട്. എന്നാല്‍, ബ്രിട്ടീഷ് ജനതയുടെ തീരുമാനം അംഗീകരിച്ചേ പറ്റൂ. സാധ്യമായ തരത്തില്‍ ഇ.യുവുമായി അടുത്ത ബന്ധം തുടര്‍ന്നും ബ്രിട്ടന്‍ സൂക്ഷിക്കും. വ്യാപാര സഹകരണത്തിലും സുരക്ഷ സംബന്ധിച്ചും അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുമെന്നും കാമറണ്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല