സ്വന്തം ലേഖകൻ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ചെന്നൈയിലും രണ്ടുപേർക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയിൽ ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികളിലാണ് ഇപ്പോൾ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല