ഷഷ്ടിപൂര്‍ത്തിയെന്നാല്‍ അമ്മൂമ്മ പ്രായമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, അറുപതാം വയസ്സിലും ആദ്യത്തെ കണ്‍മണിക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് പളനിയിലെ ഒരു വനിത തെളിയിച്ചു!തമിഴ്നാട്ടിലെ പളനി സ്വദേശികളായ സരസ്വതി (60) ലിംഗേശ്വരന്‍ (66) ദമ്പതികള്‍ക്കാണ് ജീവിത സായാഹ്നമെന്ന് വിശേഷിപ്പിക്കാവുന്ന പ്രായത്തില്‍ സന്താന സൌഭാഗ്യമുണ്ടായത്. ജൂലൈ 28 ന് ആണ് നാല്‍പ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സരസ്വതി ‘ശബരിവേലന്‍’ എന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സന്താനഭാഗ്യമില്ലായ്മ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല എന്ന് സരസ്വതി പറയുന്നു. എന്നാല്‍, പൊതുജനങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ ഒരു ഘട്ടത്തില്‍ വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടിയതായും ഈ അറുപതുകാരി അമ്മ പറയുന്നു.
ജ്യോതിഷികളുടെയും ഡോക്ടര്‍മാരുടെയും അഭിപ്രായമാരാഞ്ഞും ഫലമില്ലാത്ത ചികിത്സ നടത്തിയുമാണ് ഇവര്‍ കഴിഞ്ഞ നാല് ദശകങ്ങള്‍ തള്ളിവിട്ടത്. ഒരു സുഹൃത്തിന് 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം കുഞ്ഞ് പിറന്ന വാര്‍ത്തയാണ് സരസ്വതിക്ക് ആശാകിരണമായത്. ഇതെ തുടര്‍ന്ന്, ദമ്പതികള്‍ സുഹൃത്ത് ചികിത്സ തേടിയ പളനിയിലെ ബാലാജി ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. എന്തായാലും ചികിത്സ ഫലിച്ചു – ഐവിഎഫ് രീതിയിലൂടെയാണ് സരസ്വതിക്ക് കുഞ്ഞുണ്ടായത്.
എന്നാല്‍, 35 വയസ്സാണ് ഐവിഎഫിന് അനുയോജ്യമായ പ്രായം എന്നതും സ്ത്രീ ശരീരം ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ 20-50 ശതമാനം വരെ സാധ്യതയേ ഉള്ളൂ എന്നതും കൂട്ടിവായിച്ചാല്‍ സരസ്വതിയുടേത് അപൂര്‍വ സൌഭാഗ്യം തന്നെയാണ് – അവരുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ഈശ്വരകടാക്ഷം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല