ബര്‍മ്മിംഗ്ഹാം : സംഗമങ്ങളുടെ ചരിത്രത്തില്‍ പുതിയ നാഴിക കല്ല് സ്ഥാപിച്ചുകൊണ്ട് യുകെയിലെ പ്രഥമ കോതമംഗലം സംഗമം ബര്‍മ്മിംഗ്ഹാമില്‍ ആഗസ്റ്റ് 30ന് നടന്നു. എണ്‍പതേക്കറോളം പടര്‍ന്നു കിടക്കുന്ന ആക്കേഴ്സ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുകയും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
രാവിലെ രജിസ്ട്രേഷനോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന പരസ്പരം പരിചയപ്പെടാനുളള അവസരമായിരുന്നു. വനിതകളുടെ നേതൃത്വത്തില്‍ പൂക്കളമൊരുക്കുകയും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം മത്സരങ്ങള്‍ നടത്തി. വനിതകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകം വടംവലി മത്സരവും നടത്തിയിരുന്നു. സംഗമത്തില്‍ എത്തിയവര്‍ ഗ്രൂപ്പായി തിരിഞ്ഞാണ് വടംവലി മത്സരം നടത്തിയത്.
വൈകുന്നേരം ആരംഭിച്ച സമ്മേളനത്തില്‍ സംഗമത്തിന്റെ കോ – ഓര്‍ഡിനേറ്റര്‍ ഷോയി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. മുന്‍മന്ത്രിയും കോതമംഗലം എംഎല്‍എയുമായ ടി.യു. കുരുവിള സംഗമത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ വിശിഷ്ട അതിഥിയായിരുന്നു. ദുബായ് എറണാകുളം പ്രവാസി സംഘടനയെ പ്രതിനിധീകരിച്ച് എബി ബേബി, ഫാ.എല്‍ദോസ് കവുങ്ങുംപിളളില്, യുക്മ വൈസ്പ്രസിഡന്റ് ടിറ്റോ തോമസ്, ഷിബു. പി. മാത്യു, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോതമംഗലംകാര്‍ക്ക് വേണ്ടി ഷോയി കുര്യാക്കോസ് ടി.യു. കുരുവിളയെ പ്രത്യേക മൊമന്റോ നല്കി ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ലെസ്റ്ററിലെ അഭിലാഷിന്റെ നേതൃത്വത്തിലുളള കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.
പുതിയ സംഗമത്തിന് ഭൂരിപക്ഷാ അഭിപ്രായത്തെ തുടര്‍ന്ന് കോതമംഗലം സംഗമം -യുകെ എന്ന പേര് സ്വീകരിച്ചു. സംഗമത്തിന്റെ തുടര്‍ന്നുളള നടത്തിപ്പിനായി കോതമംഗലം എംഎല്‍എ ടി.യു. കുരുവിള രക്ഷാധികാരിയായും ഇസ്മായില്‍ റാവുത്തര്‍ അഡൈ്വസറി തലവനായും ഉളള പതിമൂന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷോയി കുര്യാക്കോസ് ( മിഡ്ലാന്റ്), ഷിബു.പി.മാത്യു (സൗത്ത് ഈസ്റ്റ്), ജയന് കുര്യാക്കോസ് (ലീഡ്സ്), ജോര്‍ജ്ജ് സാബു (ലണ്ടന്‍), ബോബി ജോര്‍ജ്ജ് (നോര്‍ത്ത് വെസ്റ്റ്), ബെന്‍സണ്‍ തോമസ് (ചെല്‍ട്ടണ്‍ഹാം), ഷീന്‍ ജോണ്‍( കാര്ഡ്ഡിഫ്), ബിജു. കെ. മാത്യു (ബ്രെറ്റന്‍), ലീല ജോഷി, ബിന്ദു ആഷന്‍, ബെസ്സി ജിനു, മഞ്ജുള സിജന് എന്നിവരാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. 2013ലെ സംഗമം നടത്താന്‍ ലെസ്റ്ററുകാരും ബാസില്ഡണ്കാരും മുന്നോട്ട് വന്നെങ്കിലും നറുക്കെടുപ്പിലൂടെ ബാസില്ഡണ് കാര്‍ അര്‍ഹത നേടുകയായിരുന്നു. രണ്ടാമത് കോതമംഗലം സംഗമം 2013 ജൂണ്‍മാസം നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല