സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരും സ്വവര്‍ഗാനുരാഗികളുമായ യുവതികള്‍ വിവാഹിതരായി. ഇന്ത്യക്കാരായ ഷാനോണും സീമയുമാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. യുവതികളിലൊരാളെ വധുവിനെയെന്ന പോലെ അവളുടെ വീട്ടുകാര്‍ പല്ലക്കിലേറ്റിയാണ് വിവാഹ വേദിയിലേക്ക് കൊണ്ടു വന്നത്. മറ്റേ യുവതികളുടെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളായി അവരെ സ്വീകരിക്കുകയും ചെയ്തു. മോതിര കൈമാറ്റവും പരമ്പരാഗതമായ ആചാരങ്ങളും ചടങ്ങുകളുടെ ഭാഗമായിരുന്നു.
എല്‍ജിബിടി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) വിവാഹങ്ങളുടെ ചിത്രങ്ങളെടുക്കുന്നതില്‍ പ്രശസ്തനായ സ്റ്റെഫ് ഗ്രാന്റാണ് ചടങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ എത്തിയത്. ഈ വിവാഹം താന്‍ വളരെ കാലങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ഷാനോണും സീമയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും സ്റ്റെഫ് പറഞ്ഞു.
തന്നെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫറായി ക്ഷണിച്ചതില്‍ അഭിമാനവും നന്ദിയുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസിലെ ഒരു ഫിറ്റ്‌നെസ് ക്ലാസില്‍ വച്ചു തുടങ്ങിയ അടുപ്പമാണ് വിവാഹത്തില്‍ കലാശിച്ചത്. തങ്ങള്‍ ആദ്യ നോട്ടത്തില്‍ തന്നെ പ്രണയത്തില്‍ ആകുകയായിരുന്നു എന്ന് ഷാനോണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല