സ്വന്തം ലേഖകന്‍: സെര്‍ബിയക്ക് സ്വവര്‍ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി. അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ലിയോ വരാഡ്കര്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെ സെര്‍ബിയയില്‍ സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് അന ബെര്ണബിച്ച്. പ്രസിഡന്റ് അലക്സാണ്ട്ര വ്യൂസിക് ആണ് അന ബെര്‍ണബിച്ചിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ഇനി പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക പിന്തുണ കൂടി ലഭിച്ചാല്‍ മതി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് നിര്‍ദേശിച്ച അന ബര്‍ണബിച്ച് എന്ന 41 കാരി നിലവില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് വകുപ്പ മന്ത്രിയാണ്. കഴിഞ്ഞ വര്‍ഷമാണ് ബര്‍ണബിച്ച് സര്‍ക്കാര്‍ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പൊതുവെ ലൈംഗിക ന്യൂന പക്ഷ, സ്വര്‍ഗ്ഗാനുരാഗ വിഷയങ്ങളില്‍ യാഥാസ്ഥിക നിലപാടാണ് സെര്‍ബിയയ്ക്ക്.
സെര്‍ബിയ അടങ്ങുന്ന ബാല്‍ക്കന്‍ പ്രദേശവും സ്വവര്‍ഗ്ഗാനുരാഗ വിഷയങ്ങളില്‍ പിന്തിരിപ്പന് നിലപാടാണ് പുലര്‍ത്തി പോരുന്നത്. അതിനാല്‍ തന്നെ ബെര്‍ണബിച്ചിന്റെ രംഗപ്രവേശം രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇംഗ്ലണ്ടിലെ ഹള്ളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അന സ്വതന്ത്രയായാണ് ഈ സ്ഥാനത്തേക്കെത്തുന്നത്.
സ്വര്‍ഗ്ഗാനുരാഗികളോടും ട്രാന്‍സ്ജെന്‍ഡറുകളോടും വെച്ചു പുലര്‍ത്തുന്ന മോശമായ സമീപനത്തില്‍ മാറ്റം വരുത്താത്ത രാജ്യങ്ങളില്‍ ഒന്നായാണ് സെര്‍ബിയയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ എല്‍ജിബിടി അവകാശങ്ങളില്‍ വളരെ പിന്നില്‍ നില്ക്കുന്ന സെര്‍ബിയയില്‍ നിന്ന് ഒരു സ്വവര്‍ഗ്ഗാനുരാഗിയായ വനിത പ്രധാനമന്ത്രിയാകുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള എല്‍ജിബിടി സംഘടനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല