സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിന്റെ മൃതദേഹമാണ് ഹഡ്‌സണ്‍ നദിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന 65 വയസുകാരിയായ ഷീലയുടെ മൃതദേഹം കണ്ടത്.
ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പോലീസ് ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്തു. ആത്മഹത്യയാണൊ കൊലപാതകമാണൊ ഇതെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയശേഷം വിദേശീയര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. നിരവധി ഇന്ത്യാക്കാര്‍ക്കു നേരെയും ഇത്തരത്തില്‍ വംശീയ അതിക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമാണോ ഈ ആക്രമണം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാഷിങ്ങ്ടണ്‍ ഡിസിയിലെ താമസക്കാരിയായ ഷീലയാണ് അപ്പീല്‍ കോടതിയില്‍ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത. ബര്‍ണാഡ് കോളജ് ഓഫ് ലോ സ്‌കൂളില്‍ നിന്നും നിയമബിരുദം നേടിയശേഷം ഈസ്റ്റ് ബ്രൂക്കല്‍ന്‍ ലീഗല്‍ സര്‍വീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഏറെക്കാലം ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായും സേവനം അനുഷ്ഠിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല