![](https://www.nrimalayalee.com/wp-content/uploads/2021/10/First-Online-Marriage-Kerala-.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം നടന്നു. യുക്രൈയിനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം ചെയ്തു.സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹമാണ് ഇരുവരുടേയും. പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം.
രജിസ്ട്രാർ ആയ ടിംഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. ജീവൻ കുമാറിന് പകരം രജിസ്റ്ററിൽ ഒപ്പ് വെച്ചത് അച്ഛൻ ദേവൻകുമാറാണ്. ജില്ലാ രജിസ്ട്രാർ സിജെ ജോൺസൺ ഗൂഗിൾ മീറ്റിലൂടെ തന്നെ വിവാഹം നിരീക്ഷിച്ചു.മിനിറ്റുകൾക്കുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവായ ധന്യയ്‌ക്ക് കൈമാറി.
കൊറോണ വ്യാപനത്തെ തുടർന്ന് ജോലിസ്ഥലമായ യുക്രൈയിനിൽ നിന്ന് വരന് നാട്ടിൽ എത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതാണ് ഓൺലൈൻ വിവാഹത്തിലേക്ക് നയിച്ചത്. സ്‌പെഷ്യൽ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഇരുവരും മാർച്ചിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ കൊറോണ പ്രതിസന്ധിയെ തുടർന്ന് വരന് നിശ്ചിത കാലാവധിയ്‌ക്കുള്ളിൽ നാട്ടിലെത്താൻ സാധിച്ചില്ല. തുടർന്ന് അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. ഇരുവർക്കും അനുകൂലമായ വിധിയുണ്ടായതിനെ തുടർന്നാണ് ഓൺലൈനിലൂടെയുള്ള ആദ്യ വിവാഹത്തിന് പുനലൂർ സബ് രജിസ്ട്രാർ ഓഫീസ് വേദിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല