
സ്വന്തം ലേഖകൻ: റിയാദ് മെട്രോ പദ്ധതി ഏറ്റവും വലുതും ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികമായും കണക്കാക്കപ്പെടുന്നുവെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും അതിനെ വിവിധ മേഖലകളിൽ ഒരു പ്രമുഖ സ്ഥാനത്തേക്ക് നയിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യും.
വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസിത ലോക നഗരങ്ങൾക്കിടയിൽ അർഹിക്കുന്ന മുൻനിര സ്ഥാനത്തേക്ക് ഉയർത്തുന്നതിനും സഹായിക്കുമെന്നും റിയാദ് ഗവർണർ പറഞ്ഞു. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്കുള്ളിലെ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റിയാദ് ഗവർണർ നന്ദി അറിയിച്ചു.
4 റിയാൽ ആണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ദിവസേന 11.6 ലക്ഷം പേർക്ക് യാത്ര ചെയ്യാൻ സാധിക്കുംവിധമാണ് മെട്രോ രൂപകൽപനയെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസിർ പറഞ്ഞു. സൗദിയുടെ പൊതുഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും റിയാദ് മെട്രോ. സൽമാൻ രാജാവിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാകും റിയാദ് മെട്രോ, ബസ് പദ്ധതികളെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ജനം തിങ്ങിപ്പാർക്കുന്ന ബത്ത, ഒലയ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് ഖാലിദ് വിമാനത്താവളത്തിലേക്കുള്ള യെലോ ലൈൻ, അബ്ദുൽറഹ്മാൻ ബിൻ ഔഫ്, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പർപ്പിൾ ലൈൻ എന്നീ 3 ലൈനുകളിൽ ഡിസംബർ ഒന്നു മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. 8440 കോടി റിയാൽ ചെലവിലാണ് റിയാദ് മെട്രോ യാഥാർഥ്യമാക്കിയത്.
ഡിസംബർ 15ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ റെഡ്, ഗ്രീൻ ലൈനുകളിലും 2025 ജനുവരി 5ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഓറഞ്ച് ലൈനിലും സർവീസ് ആരംഭിക്കുമെന്ന് റിയാദ് റോയൽ കമ്മിഷൻ അറിയിച്ചു. 6 ലൈനുകളും പ്രവർത്തനസജ്ജമാകുന്നതോടെ 176 കി.മീ. നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാകും ഇത്.
ഇതിൽ 46.3 കി.മീയും ഭൂഗർഭപാതയാണ്. മൊത്തം 84 മെട്രോ സ്റ്റേഷനുകളുണ്ടാകും. ഉൾപ്രദേശങ്ങളെ മെട്രോയുമായി ബന്ധിപ്പിക്കുന്നതിന് ഫീഡർ ബസ് സർവീസും തുടങ്ങി. സൗരോർജം ഉപയോഗിച്ചാകും മെട്രോ സ്റ്റേഷനുകൾ പ്രവർത്തിക്കുക.
2 മണിക്കൂർ കാലാവധിയുള്ള ടിക്കറ്റിന് 4 റിയാലും 3 ദിവസം കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും 7 ദിവസം കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലും ഒരു മാസം കാലാവധിയുള്ള ടിക്കറ്റിന് 140 റിയാലുമാണ് നിരക്ക്. 6 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. ദർബ് ആപ്പ് വഴിയും മെട്രോ സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകളിലൂടെയും ടിക്കറ്റ് എടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല