സ്വന്തം ലേഖകൻ: റിയാദ് മെട്രോ ട്രെയിനിന്റെ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വീസ് തടസ്സപ്പെട്ട ബ്ലൂലൈനില്‍ യാത്ര പുനരാരംഭിച്ചു. യാത്രക്കാര്‍ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ തെറ്റായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് റിയാദ് മെട്രോയുടെ ബ്ലൂ ലൈനില്‍ അലിന്മ ബാങ്കിനും എസ്ടിസി സ്റ്റേഷനുകള്‍ക്കുമിടയില്‍ സര്‍വീസ് തടസ്സപ്പെട്ടിരുന്നു.
എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് ബ്ലൂ ലൈനിലെ മുഴുവന്‍ സേവനവും പൂര്‍ണ രീതിയില്‍ പുനരാരംഭിച്ചതായി റിയാദ് മെട്രോ ഔദ്യോഗിക അക്കൗണ്ടില്‍ അറിയിച്ചു. എസ്ടിസി സ്റ്റേഷനില്‍ നിന്ന് അലിന്മ ബാങ്ക് സ്റ്റേഷനിലേക്ക് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ഷട്ടില്‍ ബസുകളുടെ ലഭ്യതയും അധികൃതര്‍ അറിയിച്ചു.
റിയാദ് മെട്രോയുടെ ട്രെയിനുകളും സ്റ്റേഷനുകളും ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും കൃത്യമായി പരിപാലിക്കണമെന്നും സര്‍വീസ് തടസ്സപ്പെടാതിരിക്കാന്‍ എമര്‍ജന്‍സി ഹാന്‍ഡിലുകളും മറ്റ് ഉപകരണങ്ങളും ദുരുപയോഗം ചെയ്യുകയോ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും റോയല്‍ കമ്മീഷന് ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) യാത്രക്കാരോട് ആഹ്വാനം ചെയ്തു. നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും കമ്മീഷന് അഭ്യര്‍ഥിച്ചു.
ട്രെയിനിലെ എമര്‍ജന്‍സി എക്സിറ്റുകള്‍, മുന്നറിയിപ്പ്, എമര്‍ജന്‍സി ഉപകരണങ്ങള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളോ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യുന്നത് വളരെ ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. റെയില്‍വേ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷന്‍സ് അനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തുകയും 6 മാസം വരെ റിയാദ് മെട്രോ സേവനം ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യും.
മെട്രോയിലെ സൗകര്യങ്ങള്‍ കേടുവരുത്തല്‍ അപകടകരമായ പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് 20,000 മുതല്‍ 50,000 വരെ റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം ചെറിയ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 15,000 റിയാലായി ഉയരും. എന്നാല്‍ നിസ്സാരമായ നിയമ ലംഘനങ്ങളാണെങ്കില്‍ പിഴകള്‍ 500 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെയാകും. ഇവ ആവര്‍ത്തിച്ചാല്‍ 5,000 റിയാലായി പിഴ വർധിക്കും.
റിയാദ് മെട്രോ അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഗുരുതരമായ കേസുകളില്‍ 100,000 റിയാല്‍ മുതല്‍ 200,000 റിയാല്‍ വരെയാണ് പിഴ. മിതമായ കേസുകളാണെങ്കില്‍ പിഴകള്‍ 20,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയും ചെറിയ കേസുകളാണെങ്കില്‍ പിഴകള്‍ 10,000 റിയാല്‍ മുതല്‍ 15,000 റിയാല്‍ വരെയുമായിരിക്കും.
എന്നാല്‍ മെട്രോ സംവിധാനങ്ങളില്‍ അതിക്രമിച്ച് കയറി പൊതുമുതല്‍ നശിപ്പിക്കല്‍ പോലുള്ള ഗൗരവമുള്ള കുറ്റങ്ങള്‍ക്ക് പിഴശിക്ഷ കൂടും. ഇത്തരം നിയമലംഘനങ്ങള്‍ അപകടങ്ങള്‍ക്ക് വഴിവെച്ചാല്‍ 150,000 റിയാല്‍ മുതല്‍ 200,000 റിയാല്‍ വരെയാണ് പിഴ. ഇവ മൂലം മെട്രോ സര്‍വീസ് തടസ്സപ്പെടുകയോ സര്‍വീസ് നിര്‍ത്തിവയ്ക്കുകയോ ചെയ്യേണ്ടിവന്നാല്‍ 80,000 റിയാല്‍ മുതല്‍ 100,000 റിയാല്‍ വരെ പിഴ ഈടാക്കും. എന്നാല്‍ സര്‍വീസ് തടസ്സപ്പെടുത്താത്ത പ്രവര്‍ത്തനങ്ങളാണെങ്കില്‍ പിഴകള്‍ 10,000 റിയാല്‍ മുതല്‍ 75,000 റിയാല്‍ വരെയായിരിക്കും.
റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ബോധപൂര്‍വമായ നാശനഷ്ടം വരുത്തുന്നത് ഉള്‍പ്പെടുന്ന ലംഘനങ്ങള്‍ക്ക് 20,000 റിയാല്‍ മുതല്‍ 500,000 റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ഉള്‍പ്പെടും. റെയില്‍വേ കേബിളുകള്‍ മുറിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക, അല്ലെങ്കില്‍ പൊതു സുരക്ഷയെ അപകടപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 10 ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്തിയേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല