സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും. തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത മാസം സർവീസ് തുടങ്ങും. മെട്രോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരും. ഇരുപത് മുതൽ മുപ്പത് ശതമാനം വരെ നിരക്കിളവിൽ ഉദ്ഘാടന ഓഫറുണ്ടാകും.
അല്‍ അറൂബയില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാന് ബിന്‍ ഔഫ് ജങ്ഷൻ , ഷെയ്ഖ് ഹസന് ബിന്‍ ഹുസൈന് എന്നീ ട്രാക്കുകളാണ് ബുധനാഴ്ച തുറക്കുന്നത്. കിങ് അബ്ദുല്ല റോഡ്, മദീന, കിങ് അബ്ദുല്‍ അസീസ് സ്റ്റേഷനുകള്‍ ഡിസംബര്‍ മധ്യത്തിൽ സർവീസുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണിത്. മിക്ക സ്റ്റേഷനുകളും വെയര്‍ഹൗസുകളും സൗരോര്‍ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.
12 വര്‍ഷം മുൻപ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് രാജ്യാന്തര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ റിയാദ് ഒന്നാമതാണ്. ഗതാഗതകുരുക്ക് കാരണം റിയാദിൽ ഒരാൾക്ക് 52 മണിക്കൂർ പാഴാക്കുന്നുവെന്നാണ് കണക്ക്. 2021-ലെ ഒരു പഠനത്തിൽ പറയുന്നത് റിയാദ് നിവാസികൾ പ്രതിദിനം 16 ദശലക്ഷം യാത്രകൾ നടത്തുന്നുവെന്നാണ്. ഇതിൽ 60 ശതമാനം ജോലിക്കും പഠനത്തിനും വേണ്ടിയും 40 ശതമാനം ഷോപ്പിങ്ങിനും വിനോദത്തിനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല