സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്‍ ജോസഫ് തന്റെ കന്നി പ്രസംഗത്തില്‍ ജന്മനാടിനെ സ്മരിച്ചു മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് കൈയടി നേടി. കേരളത്തില്‍ നിന്ന് കുടിയേറിയെ തനിക്ക് ആഷ്ഫോര്‍ഡ് പോലൊരു മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നു കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ സോജന്‍ ജോസഫ് പറഞ്ഞു.
സോജന്‍ ജോസഫ് കര്‍ഷകരുടെ പ്രശ്നങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന തൊഴിലാളി ക്ഷാമവും വര്‍ധിച്ച എനര്‍ജി ചെലവും സോജന്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പുതിയ സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടിഷ് എനര്‍ജി കമ്പനിയുടെ പ്രവര്‍ത്തനം ഈ പ്രശ്നത്തിന് ഭാവിയില്‍ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ടൂറിസം, ട്രെയിന്‍ സ്റ്റേഷന്‍, ജിപി സര്‍ ജറികള്‍, ഡന്റിസ്റ്റ്, ഹൗസിങ്, റോഡുകള്‍, സ്കൂളുകള്‍ എന്നിവയുടെ എല്ലാം വികസനത്തിനായി പാര്‍ലമെന്റിലും പുറത്തും പ്രയത്നിക്കും. ആഷ്ഫോര്‍ഡിന്റെ 136 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് സോജന്‍ വ്യക്തമാക്കി. ആഷ്ഫോര്‍ഡിലെ ജനങ്ങള്‍ വലിയ മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും അതിനായാകും തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ആഷ്ഫോര്‍ഡില്‍ നിന്നും ലണ്ടനിലേക്ക് എത്താന്‍ നല്‍കേണ്ടിവരുന്ന വന്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, എംപി എന്ന നിലയില്‍ ആദ്യ യാത്രയ്ക്കായി 93 പൗണ്ട് ടിക്കറ്റിനായി നല്‍കിയ അനുഭവം സോജന്‍ പങ്കുവച്ചു.
വികസന സ്വപ്നങ്ങള്‍ പങ്കുവച്ചും വോട്ടര്‍മാര്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്റെ മുന്‍ഗാമികള്‍ക്കുമെല്ലാം നന്ദിപറഞ്ഞായിരുന്നു സോജന്റെ ആദ്യത്തെ പ്രസംഗം. ആഷ്ഫോര്‍ഡിലെ വില്യം ഹാര്‍വി ഹോസ്പിറ്റലിലെ രോഗികളുടെ ബാഹുല്യവും സ്റ്റാഫിന്റെ കുറവുമെല്ലാം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ സോജന്‍ 22 വര്‍ഷത്തെ എന്‍എച്ച്എസ് നഴ്സിങ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത് തന്റെ മുന്തിയ പരിഗണനാ വിഷയമായിരിക്കുമെന്ന് വ്യക്തമാക്കി. ആഷ്ഫോര്‍ഡിലെ മുന്‍ എംപിയും മുതിര്‍ന്ന ടോറി നേതാവുമായ ഡാമിയന്‍ ഗ്രീന്‍ മണ്ഡലത്തിനായി ചെയ്ത സേവനങ്ങള്‍ക്കും വികസന സംഭാവനകള്‍ക്കും സോജന്‍ നന്ദിപറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് എന്‍എച്ച്എസ് നേരിടുന്ന പ്രശ്നങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും ഒരു മെന്റല്‍ ഹെല്‍ത്ത് നഴ്സ് എന്ന നിലയില്‍ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ താന്‍ നേരിട്ട് അനുഭവിക്കുന്നവയാണ്. ആവശ്യത്തിനും ഫണ്ടും സ്റ്റാഫും ഇല്ലാത്ത അവസ്ഥ പരിഹരിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്‍എച്ച്എസിനെ പ്രാപ്തമാക്കണമെന്നും സോജന്‍ കൂട്ടിച്ചേര്‍ത്തു. ഏഴര മിനിറ്റാണ് സോജന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല