
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കുള്ള വേതന സംരക്ഷണ സംവിധാനം ( വേജ്ഡ പ്രൊട്ടക്ഷൻ സിസ്റ്റം -ഡബ്ല്യുപിഎസ്) കൂടുതൽ കർശനമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ഇതു പ്രകാരം ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള പേയ്മെന്‍റ് നൽകണം. അത് ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈനായി കൈമാറണമെന്നും തൊഴിൽ മന്ത്രാലയം (എംഒഎല്‍) വ്യക്തമാക്കി.
നേരത്തേ ഏഴു ദിവസത്തിനകം ശമ്പളം നൽകിയാൽ മതിയെന്നായിരുന്നു നിയമം. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് നിരീക്ഷിക്കുന്നതിനും അതിലെ കൃത്യത ഉറപ്പു വരുത്തുന്നതിനുമാണ് ഡബ്ല്യുപിഎസ് ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍, തൊഴില്‍ കരാറില്‍ സമ്മതിച്ച പ്രകാരം തൊഴിലുടമകള്‍ കൃത്യസമയത്ത് വേതനം കൈമാറുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഡബ്ല്യുപിഎസ് നിരീക്ഷിക്കുന്നതിനും വേതന ഇടപാടുകള്‍ രേഖപ്പെടുത്തുന്നതിനും തൊഴിൽ മന്ത്രാലയത്തിൽ പ്രത്യേക സംവിധാനം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഒരു ഡാറ്റാബേസ് മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.
അതേസമയം വേതന സംരക്ഷണ നിയമപ്രകാരം തൊഴിലാളിക്ക് ശമ്പളം നൽകേണ്ടതില്ലാത്ത പ്രത്യേക സാഹചര്യങ്ങൾ ഏതൊക്കെയാണെന്നും നിയമം വ്യക്തമാക്കുന്നുണ്ട്. ഒരു തൊഴിലാളി തൊഴിൽ ഉടമയുമായി തൊഴില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അതേത്തുടർന്ന് 30 ദിവസത്തില്‍ കൂടുതല്‍ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യൽ, തൊഴിലുടമയുമായി ബന്ധമില്ലാത്ത കാരണങ്ങളാല്‍ 30 ദിവസത്തിലധികം ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടൽ തുടങ്ങിയ കേസുകളിൽ തൊഴിലുടമ വേതനം കൈമാറേണ്ടതില്ല.
ജോലി ഉപേക്ഷിക്കുകയാണെന്ന ജീവനക്കാരന്‍റെ റിപ്പോര്‍ട്ട് അംഗീകരിച്ച് 30 ദിവസം പിന്നിട്ട കേസുകളിലും ഇതു തന്നെയാണ് സ്ഥിതി. 30 ദിവസത്തെ തൊഴില്‍ പൂര്‍ത്തിയാക്കാത്ത പുതിയ തൊഴിലാളികൾക്കും ശമ്പളമില്ലാത്ത അവധിയിലുള്ള തൊഴിലാളികൾക്കും പദ്ധതി പ്രകാരം ശമ്പളം നൽകേണ്ടതില്ല. എന്നാൽ തൊഴിൽ മന്ത്രാലയത്തിൻ്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ശമ്പള വിതരണം മുടക്കാനാവൂ. ഇത്തരം അപേക്ഷകൾ പഠിച്ച് തീരുമാനം കൽപ്പിക്കുന്നതിന് മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകും.
ഒമാനിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളം മൂന്നു ദിവസത്തിനുള്ളിൽ നൽകണം; വേതന സംരക്ഷണ നിയമം കർശനമാക്കി
നിയമ ലംഘനങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുകളും സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കലും നേരിടേണ്ടി വന്നേക്കാം. നിയമ ലംഘനത്തിന് വിധേയരാവുന്ന ഓരോ തൊഴിലാളിക്കും 50 മൊൽ പിഴയും നല്‍കേണ്ടി വരും. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്കുള്ള പിഴ ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
ഒമാനികള്‍ക്ക് സംവരണം ചെയ്ത ജോലികളിലേക്ക് പ്രവാസി തൊഴിലാളികളെ താത്കാലികമായി മാറ്റുന്നത് നിരോധിക്കുന്ന നിയമത്തിനും മന്ത്രാലയം രൂപം നൽകി. മറ്റൊരാളിലേക്ക് തൊഴിൽ മാറ്റുന്നതിന് മുമ്പ് തൊഴിലാളിയുടെ സമ്മതം വാങ്ങിയിരിക്കണം. തൊഴിലാളി ട്രാന്‍സ്ഫര്‍ ചെയ്യുന്ന സ്ഥാപനത്തില്‍ കുറഞ്ഞത് ആറ് മാസത്തെ സേവനം പൂര്‍ത്തിയാക്കിയാൽ മാത്രമേ തൊഴിൽ മാറ്റം അനുവദിക്കാവൂ എന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല