സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ വലിയ വര്‍ധന നേരിടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ് വരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല.
2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 931 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ഓരോ മാസവും 350 പൗണ്ടിലേറെ വര്‍ദ്ധനവാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ചൂണ്ടിക്കാണിക്കുന്നു. 20 ശതമാനം നല്കി ബാക്കിയുള്ള തുക 30 വര്‍ഷക്കാലത്തേക്ക് മോര്‍ട്ട്ഗേജ് ചെലവുകളായി നല്കുന്ന ആദ്യത്തെ വീട് വാങ്ങുന്നവരെ കണക്കാക്കിയാണ് റൈറ്റ്മൂവ് ഈ നിരക്ക് വ്യക്തമാക്കുന്നത്.
സാധാരണ അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റാണ് ആദ്യ വീട് വാങ്ങുന്നവര്‍ പതിവായി എടുക്കുന്നത്. എന്നാല്‍ ഇതിന് നിലവില്‍ 20 ശതമാനം ഡെപ്പോസിറ്റുണ്ടെങ്കില്‍ 4.58 ശതമാനമാണ് പലിശ നിരക്ക്. 2019-ല്‍ ഇത് 2.13 ശതമാനമായിരുന്നു. ബ്രിട്ടനില്‍ രണ്ട് ബെഡ്റൂമോ, അതില്‍ താഴെയോ ഉള്ള ഇത്തരം വീടുകളുടെ വില അഞ്ച് വര്‍ഷത്തില്‍ 18 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 192,221 പൗണ്ടില്‍ നിന്നും 227,570 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്.
സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന് പലിശ നിരക്കുകള്‍ മൂലം മോര്‍ട്ട്ഗേജ് തിരിച്ചടവുകളും വലിയ ബാധ്യതയാണ്. 2019-ലെ ശരാശരി നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 61 ശതമാനം ഉയര്‍ന്ന നിരക്കിലാണെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല