ടെലിവിഷന്‍ കമ്പനികള്‍ മനുഷ്യര്‍ക്ക് വേണ്ടിയുളള ചാനലുകളില്‍ പുതുമയൊരുക്കി കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് കാലിഫോര്‍ണിയയിലെ ഒരു പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍ ചിന്തിച്ചത് തികച്ചും വ്യത്യസ്തമായാണ്. മനുഷ്യര്‍ക്ക് മാത്രമല്ല, അവര്‍ ഓമനിച്ച് വളര്‍ത്തുന്ന നായകള്‍ക്കും ഒരു ചാനല്‍ തുടങ്ങാനാണ് ഇവര്‍ തീരുമാനിച്ചത്!
സാന്തിയാഗോയിലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്ററാണ് ‘ഡോഗ് ടിവി എന്ന പേരില്‍ നായകള്‍ക്ക് മാത്രമായി ഒരു ചാനല്‍ ആരംഭിച്ചത്. പാശ്ചാത്യര്‍ക്ക് വളര്‍ത്തു മൃഗങ്ങളോടുളള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് ഡോഗ് ടിവി മുന്നേറുന്നത്. ജോലിക്ക് പോകുമ്പോള്‍ ഒറ്റക്കാവുന്ന ഓമനകളെ ഓര്‍ത്ത് വിഷമിക്കുന്നവരാണ് മിക്കവരും. യഥാര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്ക് ഡോഗ് ടിവി ഒരു ആശ്വാസമായിക്കഴിഞ്ഞു.
ഒരു നായയുടെ വീക്ഷണകോണിലൂടെയാണ് ഡോഗ് ടിവിയിലെ പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നായകള്‍ക്ക് പിരിമുറുക്കം ഇല്ലാതാക്കാനും ഉല്ലാസം പകരാനും ഉത്തേജിതരാക്കാനുമുളള പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ചാനലിലെ ചിത്രങ്ങളും ശബ്ദവും സംഗീതവും വരെ നായകള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണെന്ന് അധികൃതര്‍ പറയുന്നു.
നായകള്‍ ടിവി പരിപാടികര്‍ കാണുന്നതില്‍ ഉത്സുകരാണെന്നാണ് കേബിള്‍ വരിക്കാരുടെ പൊതുവായ അഭിപ്രായം. തങ്ങളുടെ നായകള്‍ സന്തോഷിക്കുന്നത് തങ്ങളെയും സന്തോഷിപ്പിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. എന്തായാലും ‘നായപ്രീതി’ കാരണം ചാനല്‍ ദേശീയ തലത്തില്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഡോഗ് ടിവിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേക ചാനലുകള്‍ ആരംഭിക്കുന്ന കാലം അതിവിദൂരത്തിലായിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല