സ്വന്തം ലേഖകന്‍: ‘ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തും, എല്ലാവര്‍ക്കും നന്ദി,’ മോചനത്തിനു ശേഷം ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവരുന്നത്. ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തുമെന്ന് ഫാ.ടോം ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു.
തന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. 558 ദിവസത്തെ തടങ്കല്‍ തന്റെ ശരീരത്തെ മാത്രമാണ് ക്ഷീണിപ്പിച്ചത്.മനസ്സ് കൊണ്ട് കൂടുതല്‍ ശക്തനായി. മോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചവര്‍ക്കും ഭൂമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറയുന്നു. ദൈവം വലിയവനാണ്, അവിടുന്നുള്ള കരുണ അനന്തമാണ്. നമ്മളെ കുറിച്ച് ദൈവത്തിന് ചില നിയോഗങ്ങളുണ്ട് അതിലൂടെയാണ് ഞാന്‍ കടന്നു പോയത്.
നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അവിടുന്ന് ഉത്തരം തന്നു. അങ്ങനെ ഞാന്‍ മോചിതനായെന്ന് ഫാ.ടോം ഉഴുന്നാലിലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. മോചനത്തിനു ശേഷം റോമിലെ സലേഷ്യന്‍ ജനറലേറ്ററില്‍ ആണ് ഇപ്പോള്‍ ഫാ.ടോം ഉഴുന്നാലിലില്‍ ഉള്ളത്. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാല്‍ ഇവ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയതായി സഭാവൃത്തങ്ങള്‍ പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ആഗ്രഹമാണ് ഫാദര്‍ ടോം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹത്തോട് അടുത്ത് ഇടപഴകുന്നവര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഫാദര്‍ ടോം, ഒമാന്‍ തലസ്ഥനമായ മസ്‌കറ്റിലെത്തിയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് മലയാളി വൈദികന്റെ മോചനം സാധ്യമായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു.
സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല