സ്വന്തം ലേഖകൻ: ഈ വര്‍ഷം ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് ഭവനഉടമകള്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. നിരക്കുകള്‍ വീണ്ടും ഉയരുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ പ്രതിസന്ധി നേരിടും. കഴിഞ്ഞ ആഴ്ചയില്‍ വിര്‍ജിന്‍ മണി പല ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കും വര്‍ദ്ധിപ്പിച്ചു. കുറച്ച് കാലത്തേക്ക് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സാന്‍ടാന്‍ഡറും വ്യക്തമാക്കി.
ഉയരുന്ന ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും, യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വവുമാണ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്നത്. ഈ വര്‍ഷം ഫിക്‌സഡ് ഡീലുകളുടെ കാലാവധി തീരുന്നതിനാല്‍ റീമോര്‍ട്ട്‌ഗേജ് ആവശ്യമായി വരുന്ന 1.8 മില്ല്യണിലേറെ കടമെടുപ്പുകാര്‍ക്കാണ് നിരക്ക് വര്‍ദ്ധന തിരിച്ചടിയാകുന്നതെന്ന് യുകെ ഫിനാന്‍സ് വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പുതിയ റേറ്റില്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ ചില ലെന്‍ഡര്‍മാര്‍ അവസരം നല്‍കുന്നുണ്ട്. മെച്ചപ്പെട്ട മൂല്യം നല്‍കുന്ന ഡീലുകള്‍ തിരിച്ചറിയാന്‍ വിദഗ്ധ ഉപദേശം തേടുന്നത് ഏറെ സഹായകമാകും.
ഫിക്‌സഡ് ഡീലുകളില്‍ മാറ്റം വരുന്നതിന്റെ പേരില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് മാറുകയാണ് ചിലര്‍ ചെയ്യുക. എന്നാല്‍ ഇത് ബുദ്ധിപരമായ തീരുമാനം ആകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫിക്‌സഡ് ഡീലുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നുവെന്നതാണ് ഇതിന് കാരണം.
മാറുന്ന സാഹചര്യത്തില്‍ ഏത് മോര്‍ട്ട്‌ഗേജ് ഡീലാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് പോലുള്ള മോര്‍ട്ട്‌ഗേജ് വിദഗ്ധരില്‍ നിന്നും അനായാസം മനസ്സിലാക്കി സ്മാര്‍ട്ട് തീരുമാനം കൈക്കൊള്ളാം. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടിയാണ് സംഭവിക്കാനിടയുള്ളത് എന്നതാണ് സാധ്യത.
ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്.
കഴിഞ്ഞ വര്‍ഷം ആറ് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം . എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് 2024-ല്‍ പലിശ കുറച്ചത്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങളൊന്നും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല