1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2023

സ്വന്തം ലേഖകൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്​ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ നവംബർ 17, രാജസ്ഥാനിൽ നവംബർ 23, തെലങ്കാനയിൽ നവംബർ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.

2023 ഡിസംബറിനും 2024 ജനുവരിയ്ക്കുമിടയില്‍ അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ കാലാവധി അവസാനിക്കും. തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. കാലാവധി അവസാനിക്കുന്നതിന് ആറോ എട്ടോ ആഴ്ചകള്‍ക്ക് മുമ്പാണ് സാധാരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാറ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ഡിഎ-ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.