സ്വന്തം ലേഖകൻ: ലംബോർഗിനി വാങ്ങിക്കൊടുക്കണമെന്ന ആവശ്യം അമ്മ നിഷ്കരുണം തള്ളിയതിന്റെ വാശിക്കാണ് സ്വയം കാറുമെടുത്ത് 5 വയസ്സുകാരൻ കലിഫോർണിയയിലേക്ക് ചവിട്ടി വിട്ടത്. പക്ഷെ ഇടയ്ക്ക് വെച്ച് പിടിക്കപ്പെട്ടു. അമേരിക്കയിൽ നടന്ന സംഭവത്തിന്റെ വാർത്ത ലോകം മുഴുവൻ വൈറലായതിനെ തുടർന്ന് ലംബോർഗിനിയിൽ ഈ ബാലന് ഒരിക്കലും മറക്കാനാവാത്ത യാത്ര നൽകിയിരിക്കുകയാണ് ബിസിനസുകാരനായ ജർമി നെവസ് എന്നയാൾ.
യുഎസിലെ യൂട്ടയിലുള്ള കുട്ടിയുടെ വീട്ടിലെത്തിയാണ് ജർമി ലംബർഗിനിയിൽ യാത്ര ചെയ്യാൻ ക്ഷണിച്ചത്. കുട്ടിയുടെ അടങ്ങാത്ത ആഗ്രഹം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും അവന്റെ സ്വപ്നം കുറച്ചെങ്കിലും നടത്തിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് കുട്ടിക്ക് സൂപ്പർകാറിൽ യാത്ര ഒരുക്കിയ ജർമി പറയുന്നത്.
അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്താണ് അഞ്ചുവയസുകാരൻ എസ്‍യുവിയും കൈയിൽ 3 ഡോളറുമായി ലംബോർഗിനി വാങ്ങാൻ വീട്ടിൽ നിന്ന് പുറപ്പെട്ടത്. തന്നെ ശ്രദ്ധിക്കാൻ അച്ഛൻ അമ്മമാർ ഏൽപ്പിച്ച സഹോദരി ഉറങ്ങിയപ്പോഴായിരുന്നു കുട്ടി എസ്‍യുവിയുമായി വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്.
അഞ്ചുവയസുകാരൻ കാറോടിച്ചുകൊണ്ടു പോകുന്ന കണ്ട ഹൈവേ പൊലീസ് വാഹനം തടഞ്ഞപ്പോഴാണ് കഥകൾ പുറത്തുവന്നത്. സംഭവം പൊലീസ് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കുട്ടി പ്രശസ്തനായി. ലംബോർഗിനിയിലെ യാത്ര കൂടാതെ റേസ് ട്രാക്കിലൂടെ ലംബോർഗിനി ഓടിക്കാനുള്ള അവസരവും ബാലനെ തേടി എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല