സ്വന്തം ലേഖകൻ: ബുധനാഴ്ച വൈകിട്ട് മുതൽ മറ്റന്നാൾ വരെ രാജ്യത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ചിരിക്കെ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ തയാറെടുപ്പ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വിലയിരുത്തി. മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിലൂടെ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ പ്രസക്തമായ ഏജൻസികളുടെയും തയ്യാറെടുപ്പും വിശദീകരിച്ചു. സംയുക്ത കാലാവസ്ഥ, ഉഷ്ണമേഖലാ വിലയിരുത്തൽ ടീം ഒന്നിലേറെ യോഗങ്ങൾ നടത്തിയാണ് സ്ഥിഗതികൾ വിലയിരുത്തിയത്.
ആഭ്യന്തര മന്ത്രാലയം, നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞയാഴ്ചയുണ്ടായ മഴക്കെടുതിയിൽ നിന്ന് രാജ്യം പൂർവസ്ഥിതിയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാൽ, കാലാവസ്ഥാ സാഹചര്യങ്ങളുടെയും ദുരിതബാധിത പ്രദേശങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനത്തിന്റെയും സമഗ്രമായ വിലയിരുത്തലിന് ശേഷം സജീവമായ നടപടികൾ സജീവമാക്കുമെന്ന് വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ എല്ലാ വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ, മാർഗനിർദേശം, അപ്ഡേറ്റുകൾ എന്നിവ ലഭ്യമാക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല