സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തു നാലു ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിയാതെ യുഎഇ. ഷാർജയിലും ദുബായിലെ ചില മേഖലകളിലുമാണു വെള്ളക്കെട്ട്. ഇതിനിടെ, യുഎഇയിൽ 23നും ഒമാനിൽ 24, 25 തീയതികളിലും വീണ്ടും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഷാർജയിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയെ ആശ്രയിച്ചാണ് പലരും കഴിയുന്നത്. ഷാർജ അൽവഹ്ദ, അൽഖാസിമിയ, അൽമജാസ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും പുനഃസ്ഥാപിച്ചിട്ടില്ല. ചെറിയ വള്ളങ്ങളിലാണ് അവശ്യസാധനങ്ങൾ എത്തിക്കുന്നത്. ദുബായ് നഗരത്തിലും ചില റോഡുകളിൽ ഗതാഗതതടസ്സമുണ്ട്.
ദുബായിൽ നാളെ മുതൽ വിമാന സർവീസ് സാധാരണ നിലയിലാകുമെന്നാണു സൂചന. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നിവ പൂർണ തോതിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ നാളെ ഭാഗികമായി സർവീസ് പുനരാരംഭിക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഉച്ചമുതലുള്ള 48 മണിക്കൂർ വിദേശ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നലെ കൊച്ചിയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി യുകെ, കാനഡ, അയർലൻഡ് രാജ്യങ്ങളിലേക്ക് പോകാനെത്തിയ അൻപതോളം പേരുടെ യാത്ര മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള 5 സർവീസുകൾ ഇന്നലെയും റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല