1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2024

സ്വന്തം ലേഖകൻ: ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ പടരുന്നതായി റിപ്പോർട്ടുകൾ. രോ​ഗബാധിതർ ആയിരത്തിനടുത്ത് വർധിച്ച സാഹചര്യത്തിൽ കടുത്ത ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോ​ഗ്യവിഭാ​ഗം. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ (ഫ്ലഷ് ഈറ്റിങ്ങ് ബാക്ടീരിയ) മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻ‍ഡ്രോം(എസ്.ടി.എസ്.എസ്.) എന്ന അവസ്ഥയാണിത്.

ചർമത്തിനു താഴെയുള്ള കോശങ്ങളിൽ അണുബാധ ഉണ്ടാക്കുകയാണ് ഫ്ലഷ് ഈറ്റിങ് ബാക്ടീരിയ ചെയ്യുന്നത്. കൊഴുപ്പ്, പേശികൾ, ചർമം എന്നിവയെ നശിപ്പിക്കുന്ന ടോക്സിനുകൾ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയൽ അണുബാധ ആയതുകൊണ്ടാണ് ഫ്ലെഷ് ഈറ്റിങ് ബാക്ടീരിയ എന്നുവിളിക്കുന്നത്. രക്തപ്രവാഹം കുറയുന്നതുമൂലം കോശങ്ങൾ വേ​ഗത്തിൽ നശിക്കും, ഇത് രോ​ഗിയുടെ ആരോ​ഗ്യനില ​ഗുരുതരമാക്കും. മുറിവിലൂടെയും മറ്റുമാണ് ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുക.

ഈവർഷം ജൂൺ വരെയുള്ള കണക്കെടുത്താൽ 977 എസ്.ടി.എസ്.എസ്. കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷത്തെ 941 രോ​ഗികൾ എന്ന നിരക്കിനെ ഇതിനകം തന്നെ മറികടക്കുകയും ചെയ്തുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ‍ഡിസീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേതിലും കൂടുതൽ കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദ​ഗ്ധർ ആശങ്ക രേഖപ്പെടുത്തുന്നത്. ​സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം ബാക്ടീരിയയാണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരാനുള്ള സാധ്യത കുറവാണ്.

പ്രായംകൂടിയവർ അപകടസാധ്യതാവിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിനു താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈമുതൽ ഡിസംബർ വരെ രോ​ഗംസ്ഥിരീകരിച്ച അമ്പതുവയസ്സിനു താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നുപേരും മരണപ്പെട്ടതായി അസാഹി ഷിംബുൻ എന്ന മാധ്യമത്തിൽ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷണങ്ങൾ

പനി, വിറയൽ, പേശീവേദന, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുക. ഇരുപത്തിനാലുമുതൽ നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ രക്തസമ്മർദം കുറയാനും ആന്തരികാവയവങ്ങൾ തകരാറിലാവാനും ഉയർന്ന ഹൃദയമിടിപ്പിനും ശ്വസനനിരക്കിനും കാരണമാകാം. അമ്പതുവയസ്സിനു മുകളിലുള്ളവരാണെങ്കിൽ മരണസാധ്യതയും കൂടുതലാണ്. നേരത്തേ കണ്ടെത്തി ലക്ഷണങ്ങളെ ചികിത്സിക്കുന്നത് സങ്കീർണാവസ്ഥയിലേക്ക് പോകുന്നത് തടയാനാകും.

പ്രതിരോധം

കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം. ശുചിത്വം കാക്കുക എന്നതാണ് എസ്.ടി.എസ്.എസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർ​ഗം. കൈകൾ ഇടയ്ക്കിടെ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക തുടങ്ങിയവ പ്രധാനം. മുറിവുകളെ പ്രത്യേകം കരുതലോടെ നോക്കുകയും എന്തെങ്കിലുംതരത്തിലുള്ള അണുബാധയുണ്ടെങ്കിൽ ഉടൻ ചികിത്സ തേടുകയും ചെയ്യുക.

രോ​ഗസ്ഥിരീകരണം

പലവിധത്തിലുള്ള ടെസ്റ്റുകൾക്കൊടുവിലാണ് എസ്.ടി.എസ്.എസ്. സ്ഥിരീകരിക്കുക. ഇതിൽ ​ഗ്രൂപ് എ സ്ട്രെപ് ബാക്ടീരിയയുടെ സാന്നിധ്യവും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും പരിശോധിക്കാനുള്ള രക്തപരിശോധന നടത്തും. കുറഞ്ഞ രക്തസമ്മർദവും രണ്ടോ അതിലധികമോ ആന്തരികാവയവങ്ങളുടെ തകരാറും ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയാൽ രോ​ഗസ്ഥിരീകരണം നടത്തും.

ചികിത്സ

ബാക്ടീരിയയെ ഇല്ലാതാക്കാനുള്ള ആന്റിബയോട്ടിക് ചികിത്സയുൾപ്പെടെയാണ് നൽകുക. രക്തസമ്മർദം നിയന്ത്രണത്തിലാക്കാനും അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള മരുന്നുകൾ നൽകും. ​ഗുരുതരമായ കേസുകളിൽ അണുബാധ ബാധിച്ച കോശങ്ങൾ നീക്കംചെയ്യുകയും സങ്കീർണാവസ്ഥ തടയുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.